india

അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കില്ല; ഇന്ത്യ–ചൈന ധാരണ

By chandrika

September 23, 2020

ന്യൂഡല്‍ഹി: തെറ്റിദ്ധാരണകള്‍ ഒഴിവാക്കി പരസ്പരവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യ–ചൈന ധാരണ.  അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ പരിശ്രമിക്കുമെന്നറിയിച്ച് ഇന്ത്യയും ചൈനയും സംയുക്ത പ്രസ്താവനയിറക്കി. അതിര്‍ത്തിയില്‍ മുന്‍നിരയിലേക്ക് കൂടുതല്‍ സൈനികരെ അയയ്ക്കുന്നത് ഒഴിവാക്കുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു.

തിങ്കളാഴ്ച നടന്ന ആറാം വട്ട കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയ്ക്കു പിന്നാലെയായിരുന്നു പ്രസ്താവന. ഏഴാം വട്ട ചര്‍ച്ചകള്‍ നടത്താന്‍ തയാറാണെന്നും ഇരുരാജ്യങ്ങളും പ്രസ്താവനയില്‍ പറഞ്ഞു.

സംഘര്‍ഷങ്ങള്‍ ഒഴിവാക്കി പരസ്പര വിശ്വാസം വീണ്ടെടുക്കാനും ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും സമവായത്തില്‍ വീഴ്ച വരുത്താതിരിക്കാനും ധാരണയായി. തെറ്റുധാരണകള്‍ അകറ്റും.

അതിനിടെ, ഇന്ത്യയുള്‍പ്പെടെയുള്ള അതിര്‍ത്തി രാജ്യങ്ങളുമായി പലതരത്തിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെ വിഷയത്തില്‍ പ്രസ്താവനയുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും രംഗത്തെത്തി. ഒരുരാജ്യവുമായും ശീതയുദ്ധത്തിനോ സൈനികമായി ഏറ്റുമുട്ടാനോ ചൈനയ്ക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് ചൈനീസ് പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു. അതിര്‍ത്തി വിപുലീകരണമോ, സ്വാധീന മേഖല തേടിയോ, ആധിപത്യമോ ആഗ്രഹിച്ചോ ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനികമായി ഏറ്റുമുട്ടാനോ ചൈനയ്ക്ക് യാതൊരു ഉദ്ദേശവുമില്ലെന്നാണ് ഷീ ജിന്‍ പിങ് വ്യക്തമാക്കിയത്.

യുഎന്‍ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷീ ജിന്‍ പിങ്. അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.