ഗ്രൗണ്ടില്‍  ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിന മത്സരത്തിന്റെ പൊരിഞ്ഞ പോരാട്ടം നടക്കുന്നു. ഗ്യാലറിയിലെ കളിയാവേശത്തിന്റെ ആര്‍പ്പുവിളികള്‍ക്കിടയില്‍ മറ്റൊന്നു കൂടി സംഭവിച്ചു. രാജ്യവികാരങ്ങള്‍ക്കപ്പുറത്ത് ഒരു പ്രണയം പൂവിടുകയായിരുന്നു. കളി നടക്കുന്നതിനിടെ ഇന്ത്യക്കാരനായ യുവാവ് ഓസ്‌ട്രേലിയന്‍ യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തുന്നു. ആദ്യമൊന്ന് അമ്പരന്ന ശേഷം യുവതി ആ പ്രണയാഭ്യര്‍ഥന ഹൃദയത്തോട് ചേര്‍ത്തുവക്കുന്നു.

പ്രണയ മുഹൂര്‍ത്തങ്ങളുടെ വീഡിയോ പുറത്തു വിട്ടത് ഓസ്‌ട്രേലിയയാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയ വീഡിയോ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. ഓസ്‌ട്രേലിയ ആദ്യം ബാറ്റു ചെയ്യുകയായിരുന്നു. ആ സമയത്താണ് ഇരുവരും പ്രണയാവിഷ്‌കാരങ്ങള്‍ നടത്തിയത്.

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് 20 ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യക്കാരനായ യുവാവ് ഓസീസ് ആരാധികക്കു മുന്നിലെത്തി. മുട്ടുകുത്തി നിന്ന് ഇന്ത്യന്‍ ആരാധകന്‍ നീട്ടിയ വിവാഹമോതിരം ഓസ്‌ട്രേലിയന്‍ ആരാധിക സ്വീകരിച്ചതോടെ ഗാലറിയിലും സന്തോഷം. ഇന്ത്യന്‍ വംശജയായ യുവതിയെ ജീവിത പങ്കാളിയാക്കിയ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍, ഗാലറിയിലെ ഈ ഇന്ത്യ-ഓസീസ് പ്രണയരംഗം കണ്ട് ഗ്രൗണ്ടില്‍ കയ്യടിക്കുന്നതും വിഡിയോയില്‍ കാണാം.

https://twitter.com/FoxCricket/status/1332980709028360193