ബ്രിസ്‌ബെയിന്‍: ഇന്ത്യക്കെതിരായ നാലാംടെസ്റ്റില്‍ ഓസ്‌ട്രേലിയ ഒന്നാംഇന്നിംഗ്‌സില്‍ 369 റണ്‍സില്‍ അവസാനിച്ചു. സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നിന്റേയും അര്‍ധസെഞ്വറി നേടിയ നായകന്‍ ടീം പെയ്‌നിന്റേയും ബാറ്റിംഗ് മികവിലാണ് ഓസീസ് മുന്നേറിയത്. ഇന്ത്യയ്ക്കായി അരങ്ങേറ്റ ടെസ്റ്റ് കളിച്ച നടരാജനും വാഷിംഗ്ടണ്‍ സുന്ദറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശാര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് ഒരുവിക്കറ്റും സ്വന്തമാക്കി. ഇന്നലെ മത്സരത്തിനിടെ പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ നവ്ദീപ് സൈനി ഇന്ന് പന്തെറിഞ്ഞില്ല.
രണ്ടാംദിനം ബാറ്റിംഗ് തുടങ്ങിയ ടിം പെയ്‌നും കാമറൂണ്‍ ഗ്രീനും ഓസീസിന് മികച്ച തുടക്കം നല്‍കി. പെയ്ന്‍ 50ഉം ഗ്രീന്‍ 47ഉം റണ്‍സെടുത്ത് പുറത്തായി. ഗ്രീനിന്റെ വിക്കറ്റ് വാഷിംഗ് ടണ്‍ സുന്ദര്‍ വീഴ്ത്തിയപ്പോള്‍ പെയിനിനെ ഠാക്കൂര്‍ പുറത്താക്കി. സ്റ്റാര്‍ക്ക്-നഥാന്‍ ലിയോണ്‍ സഖ്യമാണ് ഓസീസ് സ്‌കോര്‍ 350 കടത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ പ്രകടനം മികച്ചതായില്ല. 11റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍ ശുഭ്മാന്‍ഗിലിനെ(7) നഷ്ടമായി. നാല് റണ്‍സുമായി രോഹിത് ശര്‍മ്മയും റണ്ണൊന്നുമെടുക്കാതെ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.