അണ്ടർ-19 ഏഷ്യ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 90 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ പാകിസ്താനെ ഇന്ത്യൻ ബൗളർമാർ 41.2 ഓവറിൽ 150 റൺസിന് പുറത്താക്കി.
മലയാളി ബാറ്റർ ആരോൺ ജോർജിന്റെ അർധസെഞ്ചുറിയും ദീപേഷ് ദേവേന്ദ്രൻ, കനിഷ്ക് ചൗഹാൻ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ആരോൺ ജോർജ് 88 പന്തിൽ 85 റൺസെടുത്ത് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. കനിഷ്ക് ചൗഹാൻ 46 പന്തിൽ 46 റൺസും ക്യാപ്റ്റൻ ആയുഷ് മാത്രെ 25 പന്തിൽ 38 റൺസും നേടി.
പാകിസ്താനുവേണ്ടി 83 പന്തിൽ 70 റൺസെടുത്ത ഹുസൈഫ അഹ്സനാണ് ടോപ് സ്കോറർ. ഓപ്പണർ ഇസ്മാൻ ഖാൻ (42 പന്തിൽ 16), ക്യാപ്റ്റൻ ഫർഹാൻ യൂസഫ് (34 പന്തിൽ 23) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ഏഴ് ഓവറിൽ 16 റൺസ് വഴങ്ങി ദീപേഷ് ദേവേന്ദ്രൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, 10 ഓവറിൽ 33 റൺസ് വിട്ടുകൊടുത്ത് കനിഷ്ക് ചൗഹാനും മൂന്ന് വിക്കറ്റ് നേടി. പാകിസ്താനുവേണ്ടി മുഹമ്മദ് സയ്യാം, അബ്ദുൽ സുബാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.
യു.എ.ഇക്കെതിരായ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശി ആറു പന്തിൽ അഞ്ച് റൺസുമായി പുറത്തായി. നാലാം ഓവറിൽ പേസർ മുഹമ്മദ് സയ്യാം റിട്ടേൺ ക്യാച്ചെടുത്താണ് വൈഭവിനെ പുറത്താക്കിയത്.
മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 13.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിലായിരുന്നു. ടോസ് നേടിയ പാക് ക്യാപ്റ്റൻ ഫർഹാൻ യൂസഫ് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. മഴയെ തുടർന്ന് മത്സരം 49 ഓവറായി ചുരുക്കിയിരുന്നു.
ഇതിനിടെ ടോസിനുശേഷം പാക് ക്യാപ്റ്റനുമായി ഹസ്തദാനം നടത്താൻ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെ തയാറായില്ല. പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുൻപ് സീനിയർ ഏഷ്യ കപ്പിലും മറ്റ് ടൂർണമെന്റുകളിലും ഇന്ത്യ പാക് ടീമിനോട് ഹസ്തദാനം ഒഴിവാക്കിയിരുന്നു. അണ്ടർ-19 ടൂർണമെന്റിൽ രാഷ്ട്രീയം മാറ്റിനിർത്തണമെന്ന് ഐ.സി.സി ബി.സി.സി.ഐയോട് അഭ്യർത്ഥിച്ചതായും, ഹസ്തദാനം നൽകാനില്ലെങ്കിൽ മാച്ച് റഫറിയെ മുൻകൂട്ടി അറിയിക്കണമെന്ന് നിർദേശിച്ചതായും റിപ്പോർട്ടുണ്ട്