ന്യൂഡൽഹി: ഭാരത സർക്കർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി ബിഎസ്എൻഎൽ തങ്ങളുടെ പുതിയ ലോഗോ അവതരിപ്പിച്ചു. രാജ്യവ്യാപകമായി 4ജി നെറ്റ്‌വർക്ക് ലോഞ്ചിന് മുന്നോടിയായാണ് കമ്പനിയുടെ മാറ്റങ്ങൾ. നിലവിൽ തെരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് 4G സേവനങ്ങൾ ലഭ്യമാകുന്നത്. കമ്പനി ഉടൻ തന്നെ രാജ്യത്ത് 5G സേവനങ്ങൾ അവതരിപ്പിക്കും. ഇതോടൊപ്പം, ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് നിരവധി പുതിയ ഫീച്ചറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അനാവശ്യമായെത്തുന്ന മെസേജുകളും, തട്ടിപ്പുസന്ദേശങ്ങളും സ്വയം ഫിൽട്ടർ ചെയ്യുന്ന സ്പാം-ഫ്രീ നെറ്റ്‌വർക്കാണ് ഇതിലൊന്ന്.
അതേസമയം പുതിയ ലോഗോയിൽ കണക്ടിങ് ഇന്ത്യ എന്നതിന് പകരം കണക്ടിങ് ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയാണ് പുതിയ ലോഗോ അവതരിപ്പിച്ചത്. പുതിയ സ്പാം ബ്ലോക്കിങ് സംവിധാനത്തിലൂടെ ഉപയോക്താവിന് മുന്നറിയിപ്പ് നൽകാതെ തന്നെ സ്പാം എസ്എംഎസ്, തട്ടിപ്പ് എന്നവയിൽ നിന്ന് സുരക്ഷ ഒരുക്കുന്നുവെന്ന് ബിഎസ്എൻഎൽ അവകാശപ്പെടുന്നു. കൂടാതെ ടെൽകോ വൈ-ഫൈ റോമിംഗാണ് മറ്റൊരു സവിശേഷമായ ഫീച്ചർ. ഇത് ബിഎസ്എൻഎൽ നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് യാത്ര ചെയ്യുമ്പോൾ ഏത് ബിഎസ്എൻഎൽ എഫ്‌ടിടിഎച്ച് വൈ-ഫൈ നെറ്റ്‌വർക്കിലേക്കും കണക്റ്റുചെയ്യാൻ പ്രാപ്‌തമാക്കുന്നു.
BSNL proudly unveils its new logo, symbolizing trust, strength, and nationwide reach. Along with this, BSNL introduces seven pioneering initiatives aimed at enhancing digital security, affordability, and reliability, transforming the way India connects with secure, seamless, and… pic.twitter.com/osVhwFrozw
— DD India (@DDIndialive) October 22, 2024
എയർടെൽ, ജിയോ, വിഐ തുടങ്ങിയ മുൻനിര സേവനദാതാക്കൾ അവരുടെ നിരക്കുകൾ വർധിപ്പിച്ചതിനുപിന്നാലെ ബിഎസ്എൻഎൽ രാജ്യത്തുടനീളം 4ജി നെറ്റ്‌വർക്ക് അതിവേഗം വിപുലീകരിക്കുകയാണ്. തങ്ങളുടെ കുറഞ്ഞ നിരക്കുകൾ കാരണം ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഈയിടെ രേഖപ്പെടുത്തിയത്. 2025ഓടെ രാജ്യത്തുടനീളം 4ജി റോൾഔട്ട് പൂർത്തിയാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 4ജി റോൾഔട്ട് പൂർത്തിയായതിനുശേഷം 6 മുതൽ 8 മാസത്തിനകം 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.