india

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍

By web desk 1

September 08, 2020

ലഡാക്ക്: കിഴക്കന്‍ ലഡാക്ക് സെക്ടറിലെ അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസത്തിലേറെയായി ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ നിലകൊള്ളുന്ന അതിര്‍ത്തി പ്രദേശത്ത് വെടിവയ്പ്പ് നടന്നതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.

ഫിംഗര്‍ ഏരിയ ഉള്‍പ്പെടെ ഒന്നിലധികം പ്രദേശങ്ങളില്‍ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും ഏപ്രില്‍ മെയ് മുതല്‍ ഏറ്റുമുട്ടലിലാണ്. ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്ന് സ്ഥിതി കൂടുതല്‍ വഷളായി. കഴിഞ്ഞ മൂന്ന് മാസമായി അഞ്ച് ലെഫ്റ്റനന്റ് ജനറല്‍ ലെവല്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നു. പ്രതിരോധ മന്ത്രിമാരും ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇരുരാജ്യങ്ങളും പാംഗോഗ് തീരത്തെ നിയന്ത്രണരേഖക്ക് സമീപം സൈനിക ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. വന്‍ ആയുധ ശേഖരവും ഇവിടെ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ലഡാക്കില്‍ തങ്ങിയ കരസേന മേധാവി ജനറല്‍ എം എം നരവനെ സൈനിക വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു.

അതിര്‍ത്തിയില്‍ സമാധാനം വേണോ, കൂടുതല്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ പോകണമോ എന്നതൊക്കെ ചൈന തീരുമാനിക്കണമെന്ന സന്ദേശമാണ് ഇന്ത്യ നല്‍കുന്നത്. ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ തുടരണമെന്നും ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരുടെ മോസ്‌കോ കൂടിക്കാഴ്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രകോപനത്തിന് കാരണം ഇന്ത്യയാണെന്നായിരുന്നു ചര്‍ച്ചക്ക് ശേഷം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ ചൈന മറുപടി നല്‍കിയത്.