ന്യൂഡൽഹി: ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ–യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കുക. കരാറുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ കരാറിൽ ഇരുകൂട്ടരും ഒപ്പിടുക. അടുത്ത വർഷത്തോടെ സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.
നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏകദേശം ആറുമാസത്തോളം സമയം വേണ്ടിവരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ്ടർ ലെയ്‌നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കരാറുമായി ബന്ധപ്പെട്ട ഇന്ത്യ–യൂറോപ്യൻ യൂണിയൻ ചർച്ചകൾ ഇന്നലെ പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി.
സ്വതന്ത്ര വ്യാപാര കരാർ യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ സാമ്പത്തിക സംയോജനത്തിന് ശക്തി നൽകുമെന്നും, ഇരുകൂട്ടരുടെയും വ്യാപാരവും നിക്ഷേപവും കൂടുതൽ മുന്നോട്ട് നയിക്കാൻ ഇത് സഹായകരമാകുമെന്നും വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ അറിയിച്ചു.