india

ഇന്ത്യ ഹിന്ദുരാഷ്ട്രം; ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല: വീണ്ടും അവകാശവാദവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്

By webdesk17

December 23, 2025

ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’ ആണെന്ന അവകാശവാദവുമായി രാഷ്ട്രീയ സ്വയംസേവക് സംഘ് തലവന്‍ മോഹന്‍ ഭഗവത്. അത് ‘സത്യം’ ആയതിനാല്‍ ഭരണഘടനാപരമായ അംഗീകാരം ആവശ്യമില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഭഗവതിന്റെ പരാമര്‍ശം.

‘സൂര്യന്‍ കിഴക്ക് ഉദിക്കുന്നു; ഇത് എപ്പോള്‍ മുതലാണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. അതിനാല്‍, അതിനും ഭരണഘടനാപരമായ അംഗീകാരം ആവശ്യമാണോ? ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ അവരുടെ മാതൃരാജ്യമായി കണക്കാക്കുന്നവര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ വിലമതിക്കുന്നു, ഹിന്ദുസ്ഥാന്‍ മണ്ണില്‍ ജീവിച്ചിരിക്കുന്ന ഒരാളെങ്കിലും ഇന്ത്യന്‍ പൂര്‍വ്വികരുടെ മഹത്വത്തില്‍ വിശ്വസിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്നിടത്തോളം കാലം ഇത് ഹിന്ദു രാഷ്ട്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘എപ്പോഴെങ്കിലും പാര്‍ലമെന്റ് ഭരണഘടന ഭേദഗതി ചെയ്ത് ആ വാക്ക് ചേര്‍ക്കാന്‍ തീരുമാനിച്ചാല്‍, അവര്‍ അത് ചെയ്താലും ഇല്ലെങ്കിലും, അത് കൊള്ളാം. ഞങ്ങള്‍ ആ വാക്ക് കാര്യമാക്കുന്നില്ല, കാരണം ഞങ്ങള്‍ ഹിന്ദുക്കളാണ്, നമ്മുടെ രാഷ്ട്രം ഒരു ഹിന്ദു രാഷ്ട്രമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.