Culture

യു.എന്‍ പൊതുസഭയില്‍ ഇന്ത്യക്ക് മറുപടിയുമായി പാക്കിസ്ഥാന്‍

By chandrika

September 24, 2017

ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യു.എന്‍ പൊതുസഭയില്‍ ഇന്ത്യ നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി പാക്കിസ്ഥാന്‍. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎന്നിലെ ഇന്ത്യന്‍ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീറും നടത്തിയ ആരോപണങ്ങള്‍ക്കാണ് യു.എന്‍ പൊതുസഭയില്‍ തന്നെ പാകിസ്താന്‍ മറുപടി നല്‍കിയത്.

ലോകത്ത് ഭീകരവാദം കയറ്റി അയക്കുന്നത് പാകിസ്താനാണെന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ ആരോപണം നിഷേധിച്ച പാകിസ്താന്റെ യു.എന്‍ സ്ഥിരം പ്രതിനിധി മലീഹ ലോധി, ദക്ഷിണേഷ്യയിലെ ഭീകരവാദത്തിന്റെ മാതാവാണ് ഇന്ത്യയെന്നും ആരോപിച്ചു.

യുഎന്‍ പൊതുസഭയുടെ 72-ാമത് സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി നടത്തിയ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

ഇന്ത്യ ആഗോള ഐടി മേഖലയിലെ വന്‍ശക്തിയെന്നു വിശേഷിപ്പിക്കപ്പെടുമ്പോള്‍ പാക്കിസ്ഥാന്‍ ഭീകരരുടെ ഫാക്ടറിയെന്നാണ് അറിയപ്പെടുന്നതെന്നായിരുന്നു സുഷമാ സ്വരാജ് പറഞ്ഞത്. സുഷമയുടെ പരിഹാസം ലോക മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

ഇന്ത്യ ഐഐടി, ഐഐഎം പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍, പാക്കിസ്ഥാന്‍ രൂപംനല്‍കിയത് ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകളെയാണെന്നായിരുന്നു സുഷമയുടെ ആരോപണം. ഇന്ത്യ ദാരിദ്ര്യത്തിനെതിരായി യുദ്ധം ചെയ്യുമ്പോള്‍ പാക്കിസ്ഥാനു താല്‍പര്യം ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാനാണെന്നും സുഷമ കുറ്റപ്പെടുത്തിയിരുന്നു.