india

‘ഇന്ത്യക്ക് ശക്തമായ സർക്കാർ ആവശ്യമാണ്,നിങ്ങൾ മറ്റ് പണികൾ നോക്കൂ’; മോദിക്കെതിരെ മഹുവ മൊയ്ത്ര

By webdesk14

November 11, 2025

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മോദിയുടെ പഴയ ട്വീറ്റ് എക്സില്‍ ഷെയർ ചെയ്തുകൊണ്ടായിരുന്നു മൊയ്ത്രയുടെ വിമർശനം. ‘നമ്മളെ സംരക്ഷിക്കാൻ ഇന്ത്യക്ക് ഒരു സർക്കാർ ആവശ്യമാണ്. മറ്റ് പണികൾ നിങ്ങളെ കാത്തിരിക്കുന്നു..’ എന്നാണ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്. ഇന്ത്യക്ക് ശക്തമായ സർക്കാർ ആവശ്യമാണെന്നും തനിക്ക് വേണമെങ്കിൽ തിരികെ പോയ ഒരു ചായക്കട തുറക്കാമെന്ന മോദിയുടെ 2014 ഏപ്രില്‍ 29 ലെ ട്വീറ്റാണ് മഹുവ പങ്കുവെച്ചത്.

ചെങ്കോട്ട സ്‌ഫോടനത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സുരക്ഷ വീഴ്ചയുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. സ്വന്തം വീട്ടിൽ പൗരന്മാർ മരിച്ചുവീഴുമ്പോൾ വിദേശ മണ്ണിൽ കാമറകൾക്ക് മുന്നിൽ പോസ് ചെയ്യുന്ന തിരക്കിലാണ് മോദിയെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു. ഒരു തരി മനസാക്ഷിയെങ്കിലുമുള്ള ഏതൊരു ആഭ്യന്തര മന്ത്രിയും ഇപ്പോൾ ആ സ്ഥാനമൊഴിഞ്ഞിരിക്കണമെന്നും ടിഎംസി എക്‌സിൽ കുറിച്ചു.

Yes. India needs a strong Government to protect us. Other career opportunities await your Honourable self. https://t.co/PaXgaq4qkN

— Mahua Moitra (@MahuaMoitra) November 11, 2025

സംഭവത്തിൽ സത്യസന്ധവും ആഴത്തിലുള്ള അന്വേഷണം നടത്തണമെന്നും അന്വേഷണത്തിലൂടെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ കേന്ദ്രത്തിനു സാധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധിയും ഡൽഹിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച അനുവദിക്കാനാവില്ലെന്ന് അരവിന്ദ് കെജ്‍രിവാളും പറഞ്ഞു.