അതീവ പ്രാധാന്യമുള്ള ഇന്ത്യയുടെ പുതിയ സൈബര്‍ സുരക്ഷാ നിയമങ്ങള്‍ അടുത്ത മാസം പുറത്തിറക്കിയേക്കും. ഐഡന്റിറ്റി തെഫ്റ്റ്, ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയവയൊക്കെ പുഃനര്‍നിര്‍വ്വചിക്കപ്പെട്ടേക്കുമെന്നു കരുതുന്ന ഈ പുതിയ നിയമങ്ങള്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് കരുതുന്നത്. 2013ല്‍ നിലവിലിരുന്ന പതിപ്പിന്റെ പരിഷ്‌കരിച്ചതും മാറ്റവരുത്തിയതുമായ നിയമങ്ങളാണെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. 2013ലെ നിയമങ്ങള്‍ മാര്‍ഗരേഖകള്‍ പോലെയായിരുന്നുവെങ്കില്‍ പുതിയ മാറ്റങ്ങള്‍ക്ക് നയരൂപീകരണത്തിന്റെ ഭാഗമാണ്.

ഇനി പുറത്തുവരാന്‍ പോകുന്ന നിയമങ്ങളില്‍, എന്തു ചെയ്യാം എന്തു ചെയ്യരുത് എന്ന കാര്യങ്ങള്‍ക്ക് വ്യക്തമായ നിര്‍വചനങ്ങള്‍ ഉണ്ടായിരിക്കും. ഒരു കാര്യം എപ്പോള്‍ കുറ്റകൃത്യമാകാം എന്ന കാര്യത്തില്‍ വ്യക്തമായ അറിവു നല്‍കും. ദേശീയ സൈബര്‍ സുരക്ഷാ കോഓര്‍ഡിനേറ്ററുടെ ഓഫിസ്, നോഡല്‍ അധികാരികള്‍, വിദഗ്ധര്‍, വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ തുടങ്ങി പ്രധാനപ്പെട്ട ആളുകളുടെ ഇടപെടലോടെയായിരിക്കും നിയമങ്ങള്‍ അവതരിപ്പിക്കുക.

മറ്റൊരാളുടെ പേരില്‍ സമൂഹ മാധ്യമങ്ങളിലും മറ്റും അക്കൗണ്ട് തുടങ്ങുക, എന്തെങ്കിലും ഇടപാടു നടത്തുക എന്നതൊക്കെ ഇനി ശിക്ഷ ക്ഷണിച്ചുവരുത്തുന്ന കുറ്റങ്ങളായേക്കാം. അതുപോലെ വിദേശ കമ്പനികള്‍ ഇന്ത്യയിലെ ഉപയോക്താക്കളെക്കുറിച്ചു രഹസ്യമായി പഠിക്കുന്നതും വലിയ കുറ്റമായിരിക്കാം. ഇന്ത്യയിലെ 10,000ലേറെ പ്രധാനപ്പെട്ട വ്യക്തികളെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി ഷെന്‍സെന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി നിരീക്ഷിച്ചത് ഏതാനും മാസം മുന്‍പ് വലിയ വിവാദമായിരുന്നു.