പാലക്കാട് പള്ളിപ്പുറം ഗ്രാമം.! ഗ്രാമം എന്ന് ഞങ്ങൾ പാലക്കാടുകാർ പറയുമ്പൊ അതിന് വേറെ അർത്ഥമാണ്. അഗ്രഹാരം എന്നാണ് ഉദ്ദേശിക്കുന്നത്. പള്ളിപ്പുറം ഗ്രാമം വീട്ടിൽ നിന്ന് കഷ്ടി അരക്കിലോമീറ്റേ ഉള്ളു. വൈകുന്നേരം ക്രിക്കറ്റ് കളിക്കാൻ പോകുന്നതും, രാവിലെ കൄഷ്ണൻമാഷിൻറടുത്ത് ട്യൂഷനു പോകുന്നതും പള്ളിപ്പുറം ഗ്രാമത്തിലാണ്. കല്ലേക്കാട്, മേലാമുറി തുടങ്ങിയ മറ്റ് സിരാകെന്ദ്രങ്ങളിലേയ്‌‌ക്ക് എളുപ്പത്തിൽ എത്താനും ഗ്രാമം വഴിയുള്ള ഷോട്ട് കട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ പള്ളിപ്പുറം ഗ്രാമം എൻറെ കൌമാര ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു.

കാണിക്കമാതാ സ്കൂളിൻറെ മതിലിനോട് ചേർന്ന ചന്ത് (ഇടവഴിക്കുള്ള പാലക്കാടൻ ഭാഷ) എടുത്താൽ ശടേന്ന് ഗ്രാമത്തിലെത്താം. പക്ഷെ പ്രശ്നം, ഗ്രാമകുളത്തിൻറെ കരയിലൂടെ വേണം പോകാൻ. കുളവും, കുളത്തിൻറെ കരയും ആ പ്രദേശങ്ങളിലുള്ളവരുടെ പൊതു കക്കൂസാണ്. കുളത്തിൻറെ കരയിലൂടെ ഒരു വരമ്പിൻറെ വീതിയിൽ ഒരു ചെറിയ റോഡുണ്ട്. കഷ്ടി ഒരു സൈക്കിളിൻറെ ടയറിനു കടന്നു പോകാം. വലിച്ചു കെട്ടിയ കയറിലുടെ മോട്ടോർ സൈക്കിൾ ഓടിക്കുന്ന ഒരു അഭ്യാസിയുടെ മെയ്‌‌വഴക്കത്തോടെ വേണം സൈക്കിളോടിക്കാൻ. ഒരു തരി അങ്ങോട്ടൊ, ഇങ്ങോട്ടൊ തെറ്റിയാൽ അമേദ്യത്തിലൂടേ സൈക്കിൾ ടയർ കയറും.ranjith

ഫേസ്ബുക് ഫീഡ്, ഓണ്ലൈൻ പത്രങ്ങൾ ഒക്കെ വായിക്കാൻ കയറുമ്പൊ ഈ ഗ്രാമക്കുളക്കരയിലൂടെയുള്ള സൈക്കിൾ സവാരി ഓർമ്മവരും. ചുറ്റും ചുറ്റും നിര നിരയായി കിടക്കുന്ന അമേധ്യ കൂമ്പാരമാണ്. പന്നിപ്രസവക്കാരൻ, മഴ പണ്ഢിതൻ, ഫ്ലാറ്റ് എർത്ത് വാദക്കാർ, ശശികല, ടി.ജി മോഹൻദാസ്, വടക്കഞ്ചേരി, ചൈനീസ് മുട്ട തുടങ്ങിയ അനേകം അമേധ്യങ്ങളിൽ ചവിട്ടാതെ ഒരു വിധത്തിലാണ് കടന്നു പോകുന്നത്. ഫേസ്ബുക് ഫീഡ് സ്ഥിരമായി രാകി മിനുക്കിയും, അണ് ഫോളോ ചെയ്യണ്ടവരെ ഒരു ദാക്ഷിണ്യവുമില്ലാതെ അണ് ഫോളോ ചെയ്തൊക്കെയാണ് ഈ അമേധ്യങ്ങളെ ഒഴുവാക്കുന്നത്.

അതു പോലെയാണ് ഓണ്ലൈൻ വായനയും. ന്യു യോർക് ടൈംസ് മാസം $15 കൊടുത്ത് സബ്‌‌സ്ക്രൈബ് ചെയ്തിട്ടുണ്ട്. ന്യൂയോർക്കർ മാഗസിനും, ഹാവാർഡ് ബിസ്സിനസ്സ് റിവ്യു മാഗസിനും വീട്ടിൽ വരുത്തുന്നുണ്ട്. വാർത്തകളുടെ നിജ സ്ഥിഥി ഒന്നും രണ്ടും പ്രാവശ്യം ഉറപ്പു വരുത്തുന്ന ന്യുയോർക് ടൈംസിൻറെ സംസ്കാരം ആണ് ആ പത്രം വായിക്കാൻ പ്രേരിപ്പിക്കുന്നത്. വേറെ ചവറു വായിച്ചു മനസ്സ് മലീമസമാക്കാതിരിക്കാനും ഇൻഫർമേഷൻ ഓവർ ലോഡ് കുറയ്‌‌ക്കാനും ഞാൻ സ്വീകരിച്ചിരിക്കുന്ന വർക് ഫ്ലോ ആണ്. ആകെ കുറച്ചു സമയമേ ഉള്ളു. ചവറു വാർത്തകൾ വായിച്ചു കളയാൻ സമയവുമില്ല. ടി.വി കാണാറുമില്ല. ഇൻഡ്യൻ ചാനലുകൾ ഒന്നുമില്ല. എൻറെ വായനകൾ തിരഞ്ഞെടുക്കാനും, കാണണ്ടത് കാണാനും, അതിൻറെ നിജ സ്ഥിഥികളെക്കുറിച്ച് ആകുലപ്പെടാതെ വായിക്കാനും പണം മുടക്കാൻ തയ്യാറാണെന്ന് ചുരുക്കം.

അങ്ങനെ ഇരുന്നപ്പഴാണ് വീക്കെൻഡിൽ പുതിയ ഫിലിപ്പീൻസ് പ്രസിഡൻറിൻറെ വീര ശൂര പരാക്രമം കേട്ടത്. മയക്കു മരുന്ന് മാഫിയയ്‌‌ക്കെതിരെയുള്ള പോരാട്ടം. നമ്മുടെ പശു സംരക്ഷകരുടെ മാതൄകയിൽ ഫിലിപ്പിയൻസ്സിലെ ഡ്രഗ് വിജലാൻറെ ഗ്രൂപ്പുകൾ. പോലീസിന് മയക്കു മരുന്ന് കൈയ്യിൽ വെച്ചു എന്ന് സംശയിക്കുന്നവരെ ഒക്കെ വെടിവെച്ചു കൊല്ലാം. കോടതിയൊ വിചാരണയൊ ഒന്നും വേണ്ടത്രെ. വിജലാൻറെ ഗ്രൂപ്പുകൾക്കും അങ്ങനെ തന്നെ. ചുമ്മാ അതിർത്തി തർക്കമൊക്കെ മയക്കുമരുന്ന് ലോബിയിൽ കെട്ടി വെച്ചാൽ ആർക്കെതിരെ വേണേലും പ്രതികാരം ചെയ്യാം. ഒരു തോക്ക് വാങ്ങണ്ട ചിലവേ ഉള്ളു.

എന്നാൽ ഈ മനോഹരമായ ആചാരത്തെ കുറിച്ചു കൂടുതൽ പഠിക്കണമല്ലൊ എന്ന് കരുതി ഗൂഗിൾ അലേർട്ടിൽ പുതിയ രണ്ട് മൂന്ന് അലേർട്ടുകൾ ഒക്കെ സൄഷ്ടിച്ചു. Extra Judiciary killing എന്നായിരുന്നു ഒരു കീവേഡ്. ഇന്നലെ ചറാ പറാന്നായിരുന്നു അലേർട്ടുകൾ വന്നത്. ഫിലിപ്പീൻസ്സിലെ വാർത്തകൾ വായിക്കുന്ന ലാഘവത്തോടെയാണ് വായിച്ചു തുടങ്ങിയത്. ഒരു വീഡിയൊയും കിടക്കുന്നു. പാറപ്പുറത്ത് കയറി നിന്ന് സംസാരിക്കുന്ന നാലഞ്ച് പേർ. പിന്നെ അവരെ വെടി വെച്ചിട്ടിരിക്കുന്നു. അതിലൊരുത്തന് നേരിയ ജീവനുണ്ടെന്ന് കണ്ട് പിന്നേയും വെടി വെയ്‌‌ക്കുന്നു. അവസാനമായി ആ കൈയൊന്നു പൊങ്ങി താണു. പക്ഷെ വീഡിയോയിൽ പരിചയമുള്ള ഭാഷ. ഹിന്ദിയാണ്. ങേ ഇതെന്ത് കോപ്പാണെന്ന് നോക്കിയപ്പഴാണ് സംഗതി നമ്മുടെ ജനാധിപത്യ ഇൻഡ്യയിൽ നടന്ന സംഭവമാണെന്ന് മനസ്സിലായത്. ട്വിറ്ററിൽ; കോടതിയും, വിചാരണയും എന്തിന് ഒരു പാത്രം ബിരിയാണിയുടെ ചിലവു പോലുമില്ലാതെ നീതി നടപ്പാക്കിയ പോലീസ്‌‌കാർക്ക് ആദരവും കൈയ്യടിയും. ആഹാ അടിപൊളി !!!

പോയി പോയി ഇൻഡ്യ എന്നാൽ കേരളത്തിനു പുറത്തുള്ള ഏതൊ പ്രദേശമാണെന്ന് തോന്നി തുടങ്ങി. ഫിലിപ്പീൻസിലും, സദ്ദാം ഹുസൈൻറെ ഇറാഖിലും, ഇദി അമീൻറെ ഉഗാണ്ടയിൽ നിന്നുമൊക്കെ കേട്ട വാർത്തകളാണ് ഇൻഡ്യയിൽ നിന്ന് വരുന്നത്. കേരളം എങ്ങനെ വത്യസ്തമായി എന്ന് ഒന്ന് ആലോചിക്കുന്നത് നല്ലതാണ്. ഏത് പാതിരാത്രിയാണെങ്കിലും കേരളത്തിലെ ഏത് പോലീസ് സ്‌‌റ്റേഷനിൽ കയറിചെന്നാലും നീതി ലഭിക്കുമെന്നുറപ്പാ
ണ്. കോടതിയും, വിചാരണയും, ബാക്കി ജാനധിപത്യ മര്യാദകളും അത്യധികം ബഹുമാനത്തോടെ കാണുന്ന ജനതയവിടെ ഉണ്ട്. 60 വയസ്സായി കൊച്ചു കേരളത്തിന്. എന്നാലും ഇപ്പഴും യുവാവാണ്. രാഷ്ട്രീയ ബോധമുള്ള പ്രബുദ്ധരായ ജനങ്ങളുള്ള ഒരു ചെറിയ സ്‌‌റ്റേറ്റ്. ഇൻഡ്യയിൽ നിന്ന് വേർപെടുത്തി കേരളത്തെ ഒരു രാജ്യമായി പ്രഖ്യാപിച്ചാൽ പല ഹ്യുമണ് ഡെവലപ്മെൻറ് ഇൻഡക്സുകളിലും യൂറോപ്പിനെയും, അമേരിക്കയെയും വെല്ലുന്ന പുരോഗതി രേഖപ്പെടുത്തിയ ഇടം. ഹാപ്പി ബെർത്ഡേ ടു യു മിസ് കേരള. !