Cricket

ഇന്ത്യ-പാക് മത്സരം ഇന്ന്; സ്റ്റേഡിയത്തിൽ കർശന സുരക്ഷ

By webdesk14

September 14, 2025

ദുബൈ: ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം ഇന്ന്. പഹല്‍ഗാം ആക്രമണത്തോടെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായതിന് പിന്നാലെ നടക്കുന്ന ആദ്യ മത്സരമാണിത്. രാത്രി 8 മണിയോടെയാണ് മത്സരം ആരംഭിക്കുക. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്റ്റേഡിയത്തില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി. സെല്‍ഫി സ്റ്റിക്ക് മുതല്‍ കൊടികള്‍ക്ക് വരെ വിലക്ക് ഏര്‍പ്പെടുത്തി.

ഇന്ത്യയില്‍ കളിക്കാന്‍ പാകിസ്താനും, പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യയും തയാറല്ലാത്ത സാഹചര്യത്തിലാണ് ഏഷ്യാകപ്പ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ യു.എ.ഇയിലേക്ക് ചേക്കേറിയത്. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകര്‍ തടിച്ചുകൂടുന്ന വേദി കൂടിയാണ് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

സ്റ്റേഡിയത്തിലെ സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാന്‍ വിലക്കുള്ള വസ്തുക്കളുടെ പട്ടികയും പുറത്തിറക്കി. റിമോട്ട് നിയന്ത്രിത ഉപകരണങ്ങള്‍, മൃഗങ്ങള്‍, വിഷ പദാര്‍ഥങ്ങള്‍, പവര്‍ ബാങ്ക്, പടക്കം, ലേസര്‍ പോയിന്റര്‍, ഗ്ലാസ് വസ്തുക്കള്‍, സെല്‍ഫി സ്റ്റിക്ക്, മോണോപോഡ്, കുട, മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍, കൊടികള്‍ ബാനറുകള്‍ എന്നിവക്കെല്ലാം വിലക്കുണ്ട്. നിയമം ലംഘിച്ചാല്‍ 5000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെ പിഴയും മൂന്ന് മാസം തടവും ശിക്ഷ ലഭിക്കും.