News

യുഎസ് ഉപരോധം ലംഘിച്ചെന്ന് സൂചന: മുംബൈ തീരത്ത് മൂന്ന് എണ്ണക്കപ്പലുകള്‍ ഇന്ത്യ പിടിച്ചെടുത്തു

By webdesk17

February 17, 2026

ന്യൂഡല്‍ഹി: യുഎസ് ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണ വ്യാപാരം നടത്തിയെന്ന് സംശയിക്കുന്ന മൂന്ന് എണ്ണക്കപ്പലുകള്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. മുംബൈ തീരത്തുനിന്ന് ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ഇവ പിടിച്ചെടുത്തത്. സ്റ്റെല്ലാര്‍ റൂബി, ആസ്ഫാല്‍റ്റ് സ്റ്റാര്‍, അല്‍ ജാഫ്സിയ എന്നീ കപ്പലുകളാണ് തടഞ്ഞത്. നിലവില്‍ ഈ കപ്പലുകള്‍ മുംബൈ തുറമുഖത്തേക്ക് മാറ്റിയിരിക്കുകയാണ്.

ഉപരോധം നിലവിലുള്ള ഇറാനിയന്‍ എണ്ണ കടത്തുന്നതിനായി ഈ കപ്പലുകള്‍ ഐഡന്റിറ്റി മാറ്റിയതായാണ് സംശയിക്കുന്നത്. നേരത്തെ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ പീസ്, ചില്‍ 1, ഗ്ലോറി സ്റ്റാര്‍ 1 എന്നീ കപ്പലുകളുടെ IMO നമ്പറുകളാണ് ഇവയ്ക്കുള്ളതെന്ന് യു.എസ് അധികൃതര്‍ വ്യക്തമാക്കി.

കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് എണ്ണ മാറ്റി നിറച്ചും, പേരുകള്‍ നിരന്തരം മാറ്റിയും നിരീക്ഷണം വെട്ടിക്കാനാണ് ഇത്തരം കപ്പലുകള്‍ ശ്രമിക്കുക.

എന്നാല്‍ പിടിച്ചെടുത്ത കപ്പലുകളുമായോ ചരക്കുമായോ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചു. നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയെ ഉദ്ധരിച്ചാണ് ഇറാന്‍ ഈ വിശദീകരണം നല്‍കിയത്.