തിരുവനന്തപുരം: വനിത ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 176 റൺസ് വിജയലക്ഷ്യം നിശ്ചയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധസെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 43 പന്തിൽ ഒരു സിക്‌സും ഒമ്പത് ഫോറും ഉൾപ്പെടെ 68 റൺസെടുത്താണ് അവർ പുറത്തായത്. അവസാന ഓവറുകളിൽ അരുന്ധതി റെഡ്ഡി നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങും നിർണായകമായി; 11 പന്തിൽ 27 റൺസെടുത്ത് താരം പുറത്താകാതെ നിന്നു.
ട്വന്റി20 അരങ്ങേറ്റം കുറിച്ച 17കാരി കമലിനി 12 പന്തിൽ 12 റൺസെടുത്തു. ഷെഫാലി വർമ്മ (6 പന്തിൽ 5), ഹർലീൻ ഡിയോൾ (11 പന്തിൽ 13), റിച്ച ഘോഷ് (6 പന്തിൽ 5), ദീപ്തി ശർമ (8 പന്തിൽ 7), അമൻജോത് കൗർ (18 പന്തിൽ 21) എന്നിവർ പുറത്തായി. സ്നേഹ് റാണ 6 പന്തിൽ 8 റൺസുമായി നോട്ടൗട്ടായി.
ശ്രീലങ്കയ്ക്കായി കവിഷ ദിൽഹരി, രഷ്മിക സെവ്വന്ദി, ചമരി അത്തപത്തു എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. സൂപ്പർ ബാറ്റർ സ്മൃതി മന്ദാനക്കും രേണുക സിംഗ് ഠാക്കൂറിനും ഇന്ത്യ വിശ്രമം നൽകി.
നാലു മത്സരങ്ങളും ജയിച്ച് 4–0ന് പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യ ക്ലീൻസ്വീപ്പ് ലക്ഷ്യത്തോടെയാണ് ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയത്. തുടർച്ചയായ തോൽവികളിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് മത്സരം അഭിമാന പോരാട്ടമായി.