വിശാഖപ്പട്ടണം: ഇന്നും തോറ്റാല്‍ പിന്നെ പരമ്പര കിട്ടില്ല. അതാണ് ഇന്ത്യന്‍ സമ്മര്‍ദ്ദം. ഈ സമ്മര്‍ദ്ദത്തിലേക്ക് ടെംപോ ബവുമയുടെ ദക്ഷിണാഫ്രിക്കന്‍ സംഘം ബാറ്റ് വീശിയാല്‍ പഞ്ച മല്‍സര ടി-20 പരമ്പര റിഷാഭ് പന്തിനും സംഘത്തിനും നഷ്ടമാവും.

വിശാഖപ്പട്ടണത്തെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് പരമ്പരയിലെ മൂന്നാം മല്‍സരം. ഡല്‍ഹിയിലും കട്ടക്കിലും പരാജയപ്പെട്ട ഇന്ത്യക്ക് ഒരു തോല്‍വി കൂടി സഹിക്കാനാവില്ല. എന്നാല്‍ അപാര ഫോമിലാണ് ദക്ഷിണാഫ്രിക്ക. ആദ്യ മല്‍സരത്തില്‍ ഇന്ത്യ 211 റണ്‍സ് നേടിയിട്ടും ദക്ഷിണാഫ്രിക്ക അനായാസം ആ ലക്ഷ്യം മറികടന്നു. കട്ടക്കില്‍ ഇന്ത്യന്‍ ബാറ്റിംഗ് പാളിയപ്പോള്‍ ഹെന്‍ട്രിക് ക്ലാസണ്‍ എന്ന ഒരു ബാറ്ററുടെ വെടിക്കെട്ടില്‍ ഇന്ത്യ തകര്‍ന്നു. ഏത് വലിയ സ്‌ക്കോറും പിന്തുടരാനുള്ള ധൈര്യമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ്.

എന്നാല്‍ രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാത് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ വമ്പന്മാരില്ലാത്ത ഇന്ത്യക്ക് ആസന്നമായ. ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി യുവതാരങ്ങളെ വെച്ച് ഒരുങ്ങാനുള്ള അവസരമാണ് പാഴായി പോവുന്നത്. റിഷാഭ് പന്ത് എന്ന നായകന്‍, യൂസവേന്ദ്ര ചാഹല്‍ എന്ന സ്പിന്നര്‍, ഹാര്‍ദിക് പാണ്ഡ്യ എന്ന ഉപനായകന്‍, ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍, റിഥുരാജ് ഗെയിക്ക്‌വാദ് എന്നിവരെല്ലാം സമ്മര്‍ദ്ദത്തിലാണ്. ഇന്ന് ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്. യുവസീമര്‍ ഉമ്രാന്‍ മാലിക് ആദ്യ ഇലവനില്‍ വരും. വെങ്കടേഷ് അയ്യര്‍ക്കും അവസരമുണ്ടാവും.