Cricket

ഇന്ത്യ-ശ്രീലങ്ക അഞ്ചാം വനിത ട്വൻ്റി20 ഇന്ന് കാര്യവട്ടത്ത്

By webdesk17

December 30, 2025

തിരുവനന്തപുരം: ഇന്ത്യന്‍ – ശ്രീലങ്കന്‍ വനിതകളുടെ പോരാട്ടം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍. ഇരു ടീമുകളും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന പോരാട്ടമായിരിക്കും ഇന്ന്. തുടരെ നാല് മത്സരങ്ങളും ജയിച്ച് പരമ്പര ഉറപ്പിച്ച ഇന്ത്യയ്ക്ക് ഈ മത്സരവും അനായാസം ജയിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരിക്കും കളത്തിലേക്ക് ഇറങ്ങുക. വൈകീട്ട് ഏഴ് മുതലാണ് മത്സരം.

അതേസമയം പരമ്പര ഉറപ്പിച്ചതിനാല്‍ ഇന്ത്യ ഒരുപക്ഷേ ബഞ്ച് കരുത്ത് പരീക്ഷിച്ചേക്കും. ജി കമാലിനി ഇന്ത്യയ്ക്കായി അരങ്ങേറാന്‍ സാധ്യതയുണ്ട്. ഹര്‍ലീന്‍ ഡിയോള്‍, റിച്ച ഘോഷ് എന്നിവരില്‍ ഒരാള്‍ക്ക് വിശ്രമം അനുവദിച്ച് കമാലിനിയെ കളിപ്പിക്കാനായിരിക്കും നീക്കം.

പരമ്പരയില്‍ തുടരെ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടി ഓപ്പണര്‍ ഷെഫാലി വര്‍മ കത്തും ഫോമിലാണ്. സൂപ്പര്‍ ബാറ്റര്‍ സ്മൃതി മന്ധാന കഴിഞ്ഞ കളിയില്‍ മികവിലേക്ക് തിരിച്ചെത്തിയതും ഇന്ത്യയുടെ കരുത്തു കൂട്ടുന്നു. മധ്യനിരയില്‍ വെടിക്കെട്ടുമായി കളം വാഴുന്ന റിച്ച ഘോഷിന്റെ മികവും ശ്രീലങ്കയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തുന്നു. ബൗളിങില്‍ രേണുക സിങ്, ദീപ്തി ശര്‍മ അടക്കമുള്ളവരും ഫോമിലാണ്.

അതേസമയം ശ്രീലങ്കന്‍ വനിതകള്‍ ആശ്വാസം ജയത്തിനായിരിക്കും രംഗത്തേക്ക് ഇറങ്ങുക. ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു മാത്രമാണ് ബാറ്റിങില്‍ പിടിച്ചു നില്‍ക്കുന്നത്.