india

ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതല്‍ പുരുഷന്മാര്‍; രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ആത്മഹത്യ നിരക്ക് കേരളത്തിലെ ഒരു നഗരത്തില്‍

By Test User

September 05, 2020

തിരുവനന്തപുരം: ആത്മഹത്യാനിരക്കില്‍ കേരളത്തില്‍ വീണ്ടും വര്‍ധന. 2019ല്‍ 8,556 പേരാണ് ജീവനൊടുക്കിയത്. ഇതില്‍ 6,668 പേര്‍ പുരുഷന്‍മാരും 1,888 പേര്‍ സ്ത്രീകളുമാണ്. രാജ്യത്ത് ഏറ്റവുംകൂടിയ ആത്മഹത്യനിരക്കുള്ള നഗരം കൊല്ലമാണ് (41.2). നഗരങ്ങളിലെ ആത്മഹത്യാനിരക്കിന്റെ ദേശീയ ശരാശരി 13.9 ആണ്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

രാജ്യത്ത് ആത്മഹത്യാനിരക്ക് കൂടിയ സംസ്ഥാനങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. ലക്ഷത്തില്‍ എത്രപേര്‍ ആത്മഹത്യ ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് കണക്ക് എടുക്കുന്നത്. കുടുംബപ്രശ്‌നങ്ങളും കടബാധ്യതകളുമാണ് ഏറെപ്പേരും ആത്മഹത്യ ചെയ്യാന്‍ കാരണം.

കൊല്ലത്ത് 457 പേരാണ് 2019ല്‍ ജീവനൊടുക്കിയത്. ഇതില്‍ 363 പേര്‍ പുരുഷന്‍മാരാണ്. സ്ത്രീകള്‍ 94. 2018ല്‍ 393 പേരാണ് ഇവിടെ ജീവനൊടുക്കിയത്. 2019ല്‍ 961 വീട്ടമ്മമാര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തു. ഇതിന് പുറമേ, െപ്രാഫഷണലുകളും സര്‍ക്കാര്‍ ജീവനക്കാരുമുള്‍പ്പെടെ 845 പേരും ജീവനൊടുക്കിയവരിലുള്‍പ്പെടുന്നു. ഇതില്‍ 760 പേര്‍ പുരുഷന്‍മാരാണ്. ആത്മഹത്യ ചെയ്തവരില്‍ തൊഴില്‍രഹിതരുടെ എണ്ണം 1,963. ഇതില്‍ 1,559ഉം പുരുഷന്‍മാര്‍.

വിദ്യാര്‍ഥികളുടെ ആത്മഹത്യയും കൂടി. 418 പേരാണ് ജീവനൊടുക്കിയത്. 211 ആണ്‍കുട്ടികളും 207 പെണ്‍കുട്ടികളും. 2018ല്‍ ഇത് 375 പേരായിരുന്നു.സംസ്ഥാനത്തെ ആത്മഹത്യയില്‍ കൂടുതലും തൂങ്ങിമരണമാണ്. 6,435 പേരാണ് തൂങ്ങിമരിച്ചത്. ഇതില്‍ 5,225 പേര്‍ പുരുഷന്‍മാരാണ്. 979 പേര്‍ വിഷംകഴിച്ച് മരിച്ചു. തീവണ്ടിക്ക് തലവെച്ച് മരിച്ചത് 83 പേരാണ്.