ഗുവാഹത്തി: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഗുവാഹത്തിയില്‍ നടക്കും. രാത്രി ഏഴ് മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം സംപ്രേഷണം ഉണ്ടാകും. മൂന്നാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. അതേസമയം, പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ നിര്‍ണായക ജയമാണ് ന്യൂസിലന്‍ഡ് ലക്ഷ്യമിടുന്നത്.
വന്‍ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രണ്ടാം ടി20യില്‍ ഓപ്പണര്‍മാര്‍ വേഗം പുറത്തായിട്ടും 16 ഓവറില്‍ 209 റണ്‍സ് പിന്തുടര്‍ന്ന പ്രകടനം ടീമിന്റെ ബാറ്റിങ് ആഴം വ്യക്തമാക്കുന്നതായിരുന്നു. ഇടവേളയ്ക്ക് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പഴയ 360 ഡിഗ്രി ഫോമില്‍ തിരിച്ചെത്തിയതും, ഇഷാന്‍ കിഷന്റെ ക്ലിക്കായ തിരിച്ചുവരവും ഇന്ത്യക്ക് കരുത്താകും. ബോളിംഗ് നിരയില്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നതോടെ കിവീസ് ബാറ്റിങ് പിടിച്ചുകെട്ടാമെന്നാണ് ഇന്ത്യന്‍ ക്യാമ്പിന്റെ കണക്കുകൂട്ടല്‍. പരിക്കേറ്റ അക്‌സര്‍ പട്ടേലും ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.
ന്യൂസിലന്‍ഡിന് സമ്മര്‍ദ്ദം കൂടുതലാണ്. രണ്ടാം മത്സരത്തിലെ തോല്‍വിക്ക് ശേഷം ഇന്ത്യയെ തോല്‍പ്പിക്കാന്‍ കുറഞ്ഞത് 300 റണ്‍സ് വരെ നേടേണ്ടതുണ്ടെന്ന് കിവീസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ പ്രതികരിച്ചു. ഫീല്‍ഡിങ്ങ് ഉള്‍പ്പെടെയുള്ള പിഴവുകള്‍ പരിഹരിക്കാനാകാത്ത പക്ഷം ടീമിന്റെ ലോകകപ്പ് സന്നാഹം തന്നെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. പേസര്‍ കെയ്ല്‍ ജാമിസണ്‍ ഇന്ന് കിവീസ് ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന.
ബാറ്റിങ് വെടിക്കെട്ടിന് അനുകൂലമായ പിച്ചാണ് ഗുവാഹത്തിയിലേത്. 2023ല്‍ ഇതേ വേദിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 222 റണ്‍സ് നേടിയെങ്കിലും അവസാന പന്തില്‍ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. ആ ഓര്‍മ്മകള്‍ മറികടക്കുന്നൊരു ബ്ലോക്ക്ബസ്റ്റര്‍ മത്സരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
രാത്രിയില്‍ കനത്ത മഞ്ഞുവീഴ്ച ഇരുടീമിനും വലിയ വെല്ലുവിളിയാകും. രണ്ടാമത് ബൗള്‍ ചെയ്യുന്നത് ദുഷ്‌കരമാകുന്നതിനാല്‍ ടോസ് നിര്‍ണായകമാണ്. ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുത്തേക്കും. മഞ്ഞുവീഴ്ചയെ ചെറുക്കാന്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീം 250ന് മുകളിലെങ്കിലും സ്‌കോര്‍ നേടേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ ടോസ് നിര്‍ണായക ഘടകമാകും.