kerala

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; മോദി ട്രംപിനെ വിളിക്കാത്തതു കാരണം വൈകുന്നു -യു.എസ്

By webdesk18

January 09, 2026

മുംബൈ: ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ വൈകുന്നത് മോദി ട്രംപിനെ ഫോണില്‍ വിളിക്കാത്തതിനാലെന്ന് യു.എസ് വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുത്‌നിക്.

”വ്യാപാര ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായി. പക്ഷെ, കരാര്‍ ഒപ്പിടാന്‍ തയാറാണെന്ന് അറിയിച്ച് ട്രംപിനെ മോദി വിളിച്ചിട്ടില്ല. കരാറില്‍ ഇന്ത്യയുടെ നേതൃത്വം അസ്വസ്ഥരാണ്. അതുകൊണ്ടാണ് മോദി ട്രംപിനെ വിളിക്കാതിരുന്നത്” ലുത്‌നിക് ഒരു പോഡ്കാസ്റ്റിനിടെ വ്യക്തമാക്കി.

ഫിലിപ്പിന്‍സ്, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുമായി ഉയര്‍ന്ന താരിഫ് നിരക്കില്‍ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, മാറ്റുള്ള രാജ്യങ്ങളുമായി വ്യാപാര കരാര്‍ പൂര്‍ത്തിയാകുന്നത് വരെ ഇന്ത്യ വൈകിച്ചു. ഇപ്പോള്‍ ഇന്ത്യ പറയുന്നു ‘ഞങ്ങള്‍ തയാറാണ്’. ഞാന്‍ ചോദിച്ചു ‘എന്തിന് തയാര്‍’. മൂന്ന് ആഴ്ച മുമ്പ് സ്റ്റേഷന്‍ വിട്ടുപോയ ട്രെയിനില്‍ പോകാന്‍ തയാറാണോയെന്ന് ചോദിക്കുന്നത് പോലെയാണ് ഇന്ത്യയുടെ ചോദ്യമെന്നും അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇന്ത്യയും യു.എസും തമ്മില്‍ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ഇരു വിഭാഗങ്ങളും ആറ് തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ 25 ശതമാനം അടക്കം ഇന്ത്യക്കെതിരെ 50 ശതമാനം നികുതിയാണ് യു.എസ് ചുമത്തിയിട്ടുള്ളത്. മറ്റേതു രാജ്യത്തേക്കാളും കൂടുതല്‍ നികുതി യു.എസ് ചുമത്തിയത് ഇന്ത്യക്കെതിരെയാണ്. വീണ്ടും ഇന്ത്യക്കെതിരെ 500 ശതമാനം നികുതി ചുമത്താനുള്ള ബില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് കഴിഞ്ഞ ദിവസം യു.എസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം അറിയിച്ചിരുന്നു.