News

ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറച്ചു

By webdesk17

February 07, 2026

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ണ്ണായകമായ വ്യാപാര കരാര്‍ സംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തിറങ്ങി. കരാര്‍ നിലവില്‍ വന്നതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ 18 ശതമാനമായി കുറച്ചു. നേരത്തെ ഇത് 25 ശതമാനമായിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം അധിക പിഴ തീരുവ പിന്‍വലിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യേക ഉത്തരവിറക്കി.

തുണിത്തരങ്ങള്‍, ചെരുപ്പ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, റബ്ബര്‍, പ്ലാസ്റ്റിക്, വാഹന സ്‌പെയര്‍ പാര്‍ട്സ് എന്നിവയ്ക്ക് കുറഞ്ഞ നികുതിയില്‍ അമേരിക്കന്‍ വിപണിയില്‍ പ്രവേശിക്കാം. മരുന്നുകള്‍, രത്‌നം, വജ്രം എന്നിവയുടെ നികുതി യുഎസ് പൂര്‍ണ്ണമായും ഒഴിവാക്കും. അമേരിക്കയില്‍ നിന്നുള്ള സോയാബീന്‍ ഓയില്‍, വൈന്‍, സ്പിരിറ്റ് എന്നിവയ്ക്ക് ഇന്ത്യ തീരുവ ഒഴിവാക്കി. ബദാം, പഴങ്ങള്‍ എന്നിവയുടെ നികുതി കുറച്ചേക്കും.

അതേസമയം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ നിന്ന് 500 ബില്യണ്‍ ഡോളറിന്റെ ഊര്‍ജ്ജം, സാങ്കേതികവിദ്യ, കാര്‍ഷിക വിഭവങ്ങള്‍ എന്നിവ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. ഇന്ത്യന്‍ അരി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കും.

ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വിമാനങ്ങള്‍ക്കും വിമാന ഭാഗങ്ങള്‍ക്കും മേലുള്ള നികുതി ഒഴിവാക്കുംമെന്നും കരാറില്‍ പറയുന്നു.