വിശാഖപട്ടണം: ഒന്നു ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ എന്നാണ് ചൊല്ല്. ന്യൂസിലാന്‍ഡിന് ചരിത്രം സഷ്ടിക്കണമെങ്കില്‍ എം.എസ് ധോണി നാണക്കേടിന്റെ ചരിത്രം ഏറ്റുവാങ്ങണം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയ വിശാഖപട്ടണത്തെ മൈതാനം തന്നെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ നായകന്‍. മറുഭാഗത്ത്, ഇന്ത്യന്‍ മണ്ണില്‍ ആദ്യ പരമ്പര നേട്ടമെന്ന കൈയകലത്തെ സ്വപ്‌നം സ്വന്തമാക്കാന്‍ കണക്കുകൂട്ടി ഇറങ്ങുകയാണ് കിവീസ്. അവസാന മത്സരം ജയിച്ച് പരമ്പര 2-2ലെത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ലോകകപ്പ് ഫൈനലിസ്റ്റുകള്‍. പൂര്‍വികര്‍ക്ക് കഴിയാത്തത് സാധിക്കാന്‍ തന്നെയാണ് തങ്ങള്‍ ഒരുങ്ങുന്നതെന്ന് ടിം സൗത്തീ വ്യക്തമാക്കിക്കഴിഞ്ഞു. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് ഇന്ത്യ – ന്യൂസിലാന്‍ഡ് അഞ്ചാമത്തേയും അവസാനത്തേയും ഏകദിനം ഇന്നു നടക്കുമ്പോള്‍ ചരിത്രം ആര്‍ക്കൊപ്പമെന്നത് കാത്തിരുന്നു കാണണം. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30ന് മത്സരം ആരംഭിക്കും.
പിച്ചിനെ വായിക്കാനുള്ള ശേഷിയാണ് ഇന്ത്യന്‍ പര്യടനം നടത്തിയ മറ്റു ടീമുകളില്‍ നിന്ന് കെയ്ന്‍ വില്യംസണിന്റെ കിവീ സംഘത്തെ വ്യത്യസ്തമാക്കുന്നത്. ലോക ടി20യില്‍ അവരത് തെളിയിച്ചു. എന്നാല്‍, അതെപ്പോഴും സാധ്യമല്ലെന്നും പരമാവധി പിച്ച് വായിച്ചെടുക്കാന്‍ പരമാവധി ശ്രമിക്കുക എന്നതു മാത്രമാണ് തങ്ങള്‍ക്കു ചെയ്യാനുള്ളതെന്നും സൗത്തീ പറഞ്ഞു.
ഇന്ത്യന്‍ ബാറ്റിങിനെ മെരുക്കി മികവു തെളിയിച്ച കിവീ ബൗളര്‍മാര്‍ക്ക് ബാറ്റ്‌സ്മാന്മാരില്‍ നിന്നുള്ള പിന്തുണയാണ് വേണ്ടത്. മധ്യനിരയില്‍ കോറി ആന്‍ഡേഴ്‌സണും ലൂക് റോഞ്ചിയും ആദ്യ മൂന്നു മത്സരങ്ങളിലും വിയര്‍ത്തു. റോസ് ടയ്‌ലര്‍ ഫോമിന്റെ മിന്നലാട്ടങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ട്.
മറുഭാഗത്ത്, റാഞ്ചിയില്‍ കൈവിട്ട പരമ്പര ഉറപ്പിക്കാനാകും ഇന്ത്യ ഇറങ്ങുന്നത്. ഇതോടെ, ജയന്ത് യാദവിനും മന്ദീപ് സിങിനും ദേശീയ ജേഴ്‌സിയില്‍ അരങ്ങേറാന്‍ പുതുവര്‍ഷം വരെ കാത്തിരിക്കേണ്ടി വരും. മധ്യനിരയിലെ യുവതാരങ്ങള്‍ക്ക് ക്യാപ്റ്റന്‍ ധോണി തങ്ങളിലര്‍പ്പിച്ച വിശ്വാസം വീണ്ടെടുക്കാനുള്ള അവസരമാണ്. വിരാട് കോഹ്്‌ലിയെ അമിതമായി ആശ്രയിക്കുന്ന എന്ന ചീത്തപ്പേരില്‍ നിന്ന് ധോണിക്ക് രക്ഷപ്പെടണമെങ്കില്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ഫോമിലേക്കുയരണം.
ബൗളിങില്‍ ന്യൂസിലാന്‍ഡിനെ വിഷമിപ്പിച്ച അക്ഷര്‍ പട്ടേലാണ് ഇന്ത്യന്‍ നിരയിലെ നോട്ടപ്പുള്ളി. ബാറ്റ്‌സ്മാന്‍മാര്‍ വിയര്‍ത്തു പോയ റാഞ്ചിയില്‍ നിര്‍ണായക ഘട്ടത്തില്‍ 38 റണ്‍സടിച്ച് ബാറ്റിങിലും അക്ഷര്‍ കരുത്തുകാട്ടിയിരുന്നു.
നാലു കളികളില്‍ ഏഴു വിക്കറ്റ് നേടിയ ടിം സൗത്തീയെ ഇന്ത്യ കരുതിയിരിക്കേണ്ടി വരും. പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കു കയറാന്‍ സൗത്തീക്കു കഴിഞ്ഞിട്ടുണ്ട്. റാഞ്ചിയില്‍ ധോണിയെ തിരിച്ചയച്ചതു പോലെ ടീം മോഹിക്കുമ്പോള്‍ വിക്കറ്റെടുക്കാനുള്ള മികവാണ് സൗത്തീയെ വ്യത്യസ്തനാക്കുന്നത്. പത്തു വിക്കറ്റെടുത്ത ഇന്ത്യയുടെ അമിത് മിശ്രയാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്ത്.