ന്യൂഡല്‍ഹി: ഫിറോസ് ഷാ കോട്‌ലയില്‍ അവസാന ദിനം സില്‍വ മാരുടെ കരുത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് അഭിമാനകരമായ സമനില . നേരത്തെ നാഗ്പൂരിലെ രണ്ടാം ടെസ്റ്റ് വിജയിച്ച ഇന്ത്യ പരമ്പര 1-0ന് സ്വന്തമാക്കി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ ഏറ്റവും കൂടുതല്‍ പരമ്പരകള്‍ വിജയിക്കുന്ന ടീമെന്ന റെക്കോര്‍ഡിന് ഓസ്‌ട്രേലിയക്കൊപ്പമെത്താന്‍ ഇന്ത്യക്കായി.

 

ഒമ്പതു പരമ്പരകള്‍ വീതമാണ് ഇരുവരും തുടരെ വിജയിച്ചത്. 2015 ശ്രീലങ്കന്‍ പര്യടനം മുതലാണ് ഇന്ത്യ തുടര്‍ച്ചയായി പരമ്പര വിജയിച്ചു തുടങ്ങുന്നത്. 2005-2008 കാലഘട്ടത്തിലായിരുന്നു ഓസീസ് തുടരെ ഒമ്പതു പരമ്പരകള്‍ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് കളിയിലേയും പരമ്പരയിലേയും താരം. പരമ്പരയിലെ എല്ലാ മത്സരങ്ങളിലും സെഞ്ച്വറി നേടിയ കോഹ്‌ലി പരമ്പരയിലാകെ 610 റണ്‍സാണ് നേടിയത്. സ്‌കോര്‍: ഇന്ത്യ536/7 ഡിക്  & 246/5 ഡിക് ( ശിഖര്‍ ധവാന്‍ 67, വിരാട് കോഹ്‌ലി 50*, ധനഞ്ജയ ഡി സില്‍വ 31/1) , ശ്രീലങ്ക 373/10 & 299/5 ( ധനഞ്ജയ ഡി സില്‍വ119 , റോഷെന്‍ സില്‍വ 74*, രവീന്ദ്ര ജഡേജ 81/3 )

മൂന്നിന് 31 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച സന്ദര്‍ശകര്‍ക്ക് നായകന്‍ ദിനേശ് ചണ്ഡിമലിന്റെ(36)യും മുന്‍ നായകന്‍ ആന്‍ഞ്ചലോ മാത്യൂസി(ഒന്ന്)ന്റെയും വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമായത്. 219 പന്തില്‍ 119 റണ്‍സു നേടിയ ധനഞ്ജയ ഡി സില്‍വയും അരങ്ങേറ്റ മത്സരത്തില്‍ സാഹചര്യത്തിനനുസരിച്ച് കളി പുറത്തെടുത്ത റോഷെന്‍ സില്‍വയും ക്രീസില്‍ നിലയുറപ്പിച്ചതോടെ വിജയം ഇന്ത്യന്‍ ടീമിന് അകലുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ റണ്‍സെന്നുമെടുക്കാതെ പുറത്തായ റോഷെന്‍ സില്‍വ154 പന്തില്‍ 74 റണ്‍സാണ് രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിരോഷന്‍ ഡിക്‌വെല്ല പുറത്താവാതെ 44 റണ്‍സ് നേടി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമിയും അശ്വിനും ഓരോ വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.

ശിഖര്‍ ധവാന്‍ (67), വിരാട് കോഹ് ലി (50*), രോഹിത് ശര്‍മ (50*) എന്നിവരുടെ അര്‍ധ സെഞ്ച്വറി മികവില്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചിന് 246 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ 410 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ലങ്കക്ക് നല്‍കിയിരുന്നത്.