Cricket

ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ; ദക്ഷിണാഫ്രിക്കയെ 30 റണ്‍സിന് വീഴ്ത്തി

By webdesk17

December 19, 2025

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അഹമ്മദാബാദില്‍ നടന്ന അഞ്ചാം ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 30 റണ്‍സിനാണ് ഇന്ത്യ കീഴടക്കയത്. ഇന്ത്യ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. ഇന്ത്യക്കായി തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി നാലുവിക്കറ്റുമെടുത്തു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മൂന്ന് മത്സരങ്ങള്‍ ജയിച്ചു. ദക്ഷിണാഫ്രിക്ക ഒരു ജയവും സ്വന്തമാക്കി. എന്നാല്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക, ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് അടിച്ചുതകര്‍ത്തതോടെ ടീം നാലോവറില്‍ 52 റണ്‍സെടുത്തു. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ സ്‌കോര്‍ 67 ലെത്തി. ആ ഘട്ടത്തില്‍ 47 റണ്‍സും ഡി കോക്കിന്റെ ബാറ്റില്‍ നിന്നായിരുന്നു. ഏഴാം ഓവറില്‍ 13 റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്സ് മടങ്ങി.

ഡി കോക്ക് അര്‍ധസെഞ്ചുറി തികച്ചു. 30 പന്തില്‍ നിന്നാണ് താരം ഫിഫ്റ്റി തികച്ചത്. വണ്‍ ഡൗണായി ഇറങ്ങിയ ഡെവാള്‍ഡ് ബ്രവിസും ഇന്ത്യന്‍ ബൗളര്‍മാരെ പ്രഹരിച്ചതോടെ ടീം പത്തോവറില്‍ 118 റണ്‍സെടുത്തു. 35 പന്തില്‍ നിന്ന് 65 റണ്‍സെടുത്ത ഡി കോക്കിനെ വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഡെവാള്‍ഡ് ബ്രവിസ്(31), എയ്ഡന്‍ മാര്‍ക്രം(6), ഡൊണോവന്‍ ഫെരെയ്ര (0) എന്നിവര്‍ പുറത്തായി. മാര്‍ക്രമിനെയും ഫെരെയ്രയെയും പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കി.

ജേവിഡ് മില്ലര്‍ 18 റണ്‍സും ജാേര്‍ജ് ലിന്‍ഡെ 16 റണ്‍സുമെടുത്തു. മാര്‍കോ യാന്‍സന്‍ 14 റണ്‍സുമെടുത്തു. ഒടുവില്‍ 200 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് അവസാനിച്ചു. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി നാലുവിക്കറ്റെടുത്തു.

സഞ്ജു സാംസണും അഭിഷേക് ശര്‍മയും പവര്‍പ്ലേയില്‍ ഫോമായി. മത്സരത്തിന്റെ ആദ്യ ഓവറുകളില്‍ അഭിഷേക് ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തടിച്ചത്. ആദ്യ രണ്ടോവറില്‍ ടീം 25 റണ്‍സെടുത്തു. നാലാം ഓവറില്‍ മൂന്നുഫോറുകളടക്കം 14 റണ്‍സ് സഞ്ജു നേടി. അഞ്ചോവറില്‍ ടീം 56 റണ്‍സിലെത്തി. എന്നാല്‍ ആറാം ഓവറില്‍ അഭിഷേക് ശര്‍മ പുറത്തായി. താരം 21 പന്തില്‍ നിന്ന് 34 റണ്‍സെടുത്തു.

തിലക് വര്‍മയും സഞ്ജുവും വെടിക്കെട്ട് തുര്‍ന്നതോടെ ഒന്‍പത് ഓവറില്‍ ഇന്ത്യ 97 റണ്‍സിലെത്തി. 22 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത് സഞ്ജു മടങ്ങി. സൂര്യകുമാര്‍ ഏഴുപന്തില്‍ നിന്ന് അഞ്ച് റണ്‍സെടുത്തു.

പിന്നീട് തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും വെടിക്കെട്ട് ബാറ്റിംങ് നടത്തി. 4-ാം ഓവറില്‍ 27 റണ്‍സാണ് ടീം അടിച്ചെടുത്തത്. തിലക് വര്‍മ അര്‍ധസെഞ്ചുറി തികച്ചതോടെ ഇന്ത്യ 15 ഓവറില്‍ 170 റണ്‍സിലെത്തി. ഹാര്‍ദിക് 16 പന്തില്‍ അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു.

പിന്നാലെ ഇന്ത്യ 18 ഓവറില്‍ ഇരുന്നൂറ് കടന്നു. 25 പന്തില്‍ നിന്ന് അഞ്ച് വീതം ഫോറുകളും സിക്‌സറുകളും അടക്കം 63 റണ്‍സ് പാണ്ഡ്യയെടുത്തു. തിലക് വര്‍മ 42 പന്തില്‍ നിന്ന് 73 റണ്‍സെടുത്തു.

20 ഓവറില്‍ 231 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു.