പൈലറ്റിന്റെ മനസാന്നിധ്യവും അവസരോചിതമായ ഇടപെടലും കൊണ്ട് ഒഴിവായത് വന്‍ ദുരന്തം. പക്ഷിയിടിച്ച് എന്‍ജിന്‍ തകരാറിലായ വ്യോമസേനയുടെ ജാഗ്വര്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി. വ്യാഴാഴ്ച രാവിലെ അംബാലയിലെ വ്യോമസേന കേന്ദ്രത്തില്‍നിന്ന് വിമാനം പറന്നുയര്‍ന്നതിന് ശേഷമാണ് സംഭവം.

പരിശീലന ബോംബുകളും അധികമായി ഘടിപ്പിച്ചിരുന്ന ഇന്ധനടാങ്കുകളും ഭൂമിയിലേക്ക് ഒഴിവാക്കിയാണ് പൈലറ്റ് വന്‍ അപകടം ഒഴിവാക്കിയത്. വിമാനം നിയന്ത്രണം നഷ്ടമായി തകര്‍ന്നു വീണിരുന്നെങ്കില്‍ വ്യോമസേനാ കേന്ദ്രത്തിന് സമീപമുള്ള നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാകുമായിരുന്നു.

അംബാല വ്യോമസേന കേന്ദ്രത്തില്‍നിന്ന് പരിശീലനത്തിനായി ജാഗ്വര്‍ വിമാനം പറന്നുയര്‍ന്നത്. ടേക്ക് ഓഫിന് പിന്നാലെ വിമാനത്തില്‍ പക്ഷികള്‍ ഇടിച്ചു. തുടര്‍ന്ന് വിമാനത്തിന്റെ ഒരു എന്‍ജിന്‍ തകരാറിലായി. ഇതോടെയാണ് നിമിഷങ്ങള്‍ക്കകം രണ്ട് ഇന്ധനടാങ്കുകളും പരിശീലന ബോംബുകളും പൈലറ്റ് വിമാനത്തില്‍നിന്ന് നിലത്തേക്കെറിഞ്ഞ് വന്‍ ദുരന്തം ഒഴിവാക്കിയത്.

ബോംബുകളും ഇന്ധനടാങ്കും നിലത്ത് പതിച്ചതോടെ അംബാല വ്യോമകേന്ദ്രത്തിന് സമീപം വന്‍ സ്‌ഫോടനമുണ്ടാവുകയും ജനങ്ങള്‍ പരിഭ്രാന്തരാവുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും വന്‍ ദുരന്തമാണ് പൈലറ്റിന്റെ ഇടപെടല്‍കൊണ്ട് ഒഴിവായതെന്നും വ്യോമസനേ അറിയിച്ചു.