കേന്ദ്ര സര്‍ക്കാരിനും രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. ഹൈദരാബാദില്‍ എപിസിആര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് വിമര്‍ശനം. ഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേടാണെന്ന്, രാജ്യത്ത് സംഭവിക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കമാണെന്നും പ്രകാശ് രാജ് തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.
ഒരുകാലത്ത് സാധാരണക്കാരന്റെ അവസാന പ്രതീക്ഷയായിരുന്നു കോടതികളെന്ന് പ്രകാശ് രാജ് ഓര്‍മ്മിപ്പിച്ചു. ‘പൊലീസിനെ പേടിയുണ്ടായിരുന്ന കാലത്തും ‘കോടതിയില്‍ കാണാം’ എന്ന് പറയാനുള്ള ധൈര്യം ജനങ്ങള്‍ക്കുണ്ടായിരുന്നു. കാരണം കോടതി നമ്മളുടെ അവസാന പ്രതീക്ഷയായിരുന്നു. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. കോടതി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ലെന്ന് നമുക്ക് അറിയാമായിരുന്നു. ഭരിക്കുന്ന സര്‍ക്കാരിന്റെയോ ഒരു മതസ്ഥാപനത്തിന്റെയോ ഉടമസ്ഥതയിലുള്ളതല്ലെന്ന് നമുക്ക് ഉറപ്പായിരുന്നു. എന്നാല്‍ ഇന്ന്, ഈ വേദിയില്‍ നിന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഇന്ത്യയിലെ കോടതികളേ, നിങ്ങളീ നാടിന് നാണക്കേടാണ്. കാരണം നിങ്ങള്‍ നീതിയോട് ഏറ്റവും വലിയ കുറ്റകൃത്യമാണ് ചെയ്യുന്നത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിംകളെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും തുടച്ചുനീക്കുക എന്നതാണ് ഭരണകൂടത്തിന്റെ അജണ്ട. ഇതിനായി ഭരണഘടനയെ അട്ടിമറിക്കാനും മനുസ്മൃതി നടപ്പിലാക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്. ഉമര്‍ ഖാലിദിനെപ്പോലുള്ളവര്‍ തടവറയിലാകുന്നത് ഈ അജണ്ടയുടെ ഭാഗമാണെന്നും നമ്മുടെ പോരാട്ടം ബിജെപിക്ക് എതിരെ മാത്രമല്ല, മറിച്ച് ആര്‍എസ്എസിന് എതിരെയാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
‘ഹിറ്റ്‌ലറും മുസ്സോളിനിയും പരാജയപ്പെട്ടത് അവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയതുകൊണ്ടാണ്. എന്നാല്‍ ആര്‍എസ്എസ് അങ്ങനെയല്ല. അത് കുളത്തിനടിയിലെ രാക്ഷസനെപ്പോലെ മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കുന്ന ശക്തിയാണ്. താമര എന്ന ചിഹ്നത്തിനപ്പുറം ആ ആഴത്തിലുള്ള ശക്തിയോടാണ് നാം പോരാടേണ്ടത്, അടുത്തിടെ പ്രധാനമന്ത്രിയുടെ ഇമെയില്‍ വിലാസത്തില്‍ എനിക്ക് ഒരു കത്ത് ലഭിച്ചു. നവംബര്‍ 26ന് മിക്കയാളുകള്‍ക്കും അത് ലഭിച്ചിട്ടുണ്ടാകും. മനോഹരമായ നുണകള്‍ നിറഞ്ഞ ഒരു കത്ത്. ഈ രാജ്യത്തിന് ഒരു ഭരണഘടന ഇല്ലായിരുന്നെങ്കില്‍ താന്‍ ഇത്തരമൊരു സ്ഥാനത്ത് എത്തുമായിരുന്നില്ലെന്നും അംബേദ്കറും മഹാത്മാഗാന്ധിയുമൊക്കെ മഹാന്മാരായ മനുഷ്യരാണെന്നും കത്തില്‍ പറയുന്നു.
കത്തയച്ചതിന്റെ തലേദിവസം രാമക്ഷേത്രത്തില്‍ പതാക ഉയര്‍ത്തുമ്പോള്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആര്‍എസ്എസ് മേധാവിയും അവിടെ ഉണ്ടായിരുന്നത് ഞാന്‍ അപ്പോഴാണ് ഓര്‍ത്തത്. വോട്ടു ചെയ്തില്ലെങ്കിലും എന്റെ പ്രധാനമന്ത്രിയെ ബഹുമാനിക്കണമെന്നതിനാല്‍ ഞാന്‍ ആ ദൃശ്യം നോക്കിയിരുന്നു. ആ പതാകയോട്, ഹിന്ദുത്വ എന്ന ആശയത്തോട് അദ്ദേഹത്തിന് എത്ര ബഹുമാനമാണുള്ളത്. ഈ വ്യക്തിക്ക് ദേശീയ പതാകയോട് അത്രയും ബഹുമാനമുണ്ടോ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അവരുടെ അജണ്ട വളരെ വ്യക്തമാണ്, അത് വംശഹത്യയാണ്. ഉമറും ഞാനും നിങ്ങളുമടക്കമുള്ളവര്‍ രണ്ടാം തരം പൗരന്മാരാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ച് ബോധമുള്ളവരാകാനും ജാഗ്രത പാലിക്കാനുമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്’ ആര്‍എസ്എസിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പ്രകാശ് രാജ് പറഞ്ഞു.
ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളെ പരാമര്‍ശിച്ച അദ്ദേഹം, കുറ്റവാളികള്‍ക്ക് മാലയിട്ട് സ്വീകരണം നല്‍കുന്ന സാഹചര്യത്തെയും വിമര്‍ശിച്ചു. ഭരണകൂടം നൂറുതവണ നുണ പറയുകയാണെങ്കില്‍ നമ്മള്‍ ആയിരം തവണ സത്യം വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കണം. ഭയപ്പെടാതെ ശബ്ദമുയര്‍ത്തുക മാത്രമാണ് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഏക പോംവഴിയെന്നും പ്രകാശ് രാജ് വ്യക്തമാക്കി.