കേപ്ടൗണ്‍: ന്യൂലാന്‍ഡ്‌സിലെ ആ ട്രാക്കൊന്ന് നോക്കു…. പച്ചപ്പ് വിരിച്ച ഉറച്ച പേസ് ട്രാക്ക്. പന്ത് മൂളി പായും, കുത്തി ഉയരും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന് ഉച്ചത്തിരിഞ്ഞ് രണ്ടിന് ഈ ട്രാക്കില്‍ ആരംഭിക്കുമ്പോള്‍ സമ്മര്‍ദ്ദം ഇന്ത്യന്‍ ക്യാമ്പിലാണ്.

വിദേശത്ത്, വിശിഷ്യാ ദക്ഷിണാഫ്രിക്കയില്‍ ഇത് വരെ ജയിക്കാന്‍ കഴിയാത്തവരാണ് ഇന്ത്യ. പക്ഷേ ഇത്തവണ വിരാത് കോലിയുടെ ചാമ്പ്യന്‍ സംഘമാണ് എന്നതാണ് ആശ്വാസം. 2017 ല്‍ തോല്‍വി അറിയാത്തവരായി ഐ.സി.സി റാങ്കിംഗില്‍ ഉന്നതങ്ങളില്‍ നില്‍ക്കുന്നവര്‍. ഇന്ത്യയുടെ സമീപകാല വിജയങ്ങളെല്ലാം സ്വന്തം മൈതാനത്തായതിനാല്‍ വിദേശ പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഏത് വിധം പ്രതികരിക്കുമെന്നതാണ് അടുത്ത അഞ്ച് ദിവസങ്ങളിലെ ചോദ്യം.

ഡെയില്‍ സ്‌റ്റെന്‍ എന്ന ദക്ഷിണാഫ്രിക്കയുടെ അനുഭവസമ്പന്നനായ സീമര്‍ പരുക്ക് കാരണം ആദ്യ ടെസ്റ്റില്‍ കളിക്കുമോ എന്ന സംശയമുണ്ടെങ്കിലും മോണി മോര്‍ക്കല്‍, ഫിലാന്‍ഡര്‍ ഉള്‍പ്പെടെ അനുഭവസമ്പന്നര്‍ ധാരാളമുണ്ട്. ഇവരുടെ പന്തുകളെ ചെറുക്കാനുളള അനുഭവസമ്പത്ത് ചേതേശ്വര്‍ പുജാര, ശിഖര്‍ ധവാന്‍, രാഹുല്‍, രോഹിത് ശര്‍മ, വിരാത് കോലി, അജിങ്ക്യ രഹാനെ തുടങ്ങിയ ബാറ്റിംഗ് നിരക്കുണ്ടെന്നതാണ് ആശ്വാസം.ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ കാസിഗോ റബാദെ, മോര്‍ണി മോര്‍മി മോര്‍ക്കല്‍, വെറോണ്‍ ഫിലാന്‍ഡര്‍ തുടങ്ങിയവരെ നേരിടാന്‍ ഈ ബാറ്റിംഗ് നിരക്ക് കഴിയുമെങ്കില്‍ പേടിക്കാനില്ല. ബാറ്റ്‌സ്മാന്മാരെ കൂടാതെ ബൗളിംഗിലും കോലി വിശ്വാസത്തിലാണ്.

സമീപകാലത്തൊന്നുമില്ലാത്ത വിധം മികച്ച പേസര്‍മാര്‍ അദ്ദേഹത്തിന്റെ നിരയിലുണ്ട്. ഇഷാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരില്‍ ആര്‍ക്കെല്ലാം നായകന്‍ ഇന്ന് അവസരം നല്‍കുമെന്ന് കണ്ടറിയണം. സീം ട്രാക്കായതിനാല്‍ നാല് പേര്‍ക്കും അവസരം നല്‍കിയാലും അല്‍ഭുതപ്പെടാനില്ല. ആറാം നമ്പറില്‍ ബാറ്റിംഗിനെത്തുമെന്ന് കരുതപ്പെടുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയും നായകന് ഉപയോഗപ്പെടുത്താം. ആര്‍. അശ്വിന്റെ സ്പിന്നുമുണ്ട്. ദക്ഷിണാഫ്രിക്ക സീനിയര്‍ താരങ്ങളെയെല്ലാം തിരിച്ചു വിളിച്ചിട്ടുണ്ട്. എബി ഡി വില്ലിയേഴ്‌സ് പരുക്കില്‍ നിന്നും മുക്തനായി തിരിച്ചുവരുന്നു എന്നതാണ് പരമ്പരയുടെ ആവേശം. അദ്ദേഹം കളിക്കുന്ന കാര്യത്തില്‍ പക്ഷേ സംശയം ബാക്കിനില്‍ക്കുന്നു. എബിയില്ലെങ്കില്‍ ടെംബക്കായിരിക്കും അവസരം. നായകന്‍ ഡുപ്ലിസിസും തിരിച്ചെത്തുമ്പോള്‍ സീനിയര്‍ താരങ്ങളായ ഹാഷിം അംലയും ഡിക്കോക്കുമെല്ലാം നല്ല ഫോമിലുമാണ്. മല്‍സരം ഉച്ചക്ക് രണ്ട് മുതല്‍ ടെന്‍ വണ്‍, മൂന്ന് ചാനലുകളില്‍.