News

ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ തിരിച്ചെത്തി; ഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍

By webdesk17

January 17, 2026

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. രണ്ട് വിമാനങ്ങളിലായാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. സര്‍ക്കാര്‍ ഇടപെടലില്ലാതെ, സ്വന്തം നിലയില്‍ തന്നെയാണ് പൗരന്മാര്‍ തിരിച്ചെത്തിയത്. മടങ്ങിയെത്തിയവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണെന്ന് വിവരം.

പതിവ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള വിമാന സര്‍വീസുകളാണ് ഇന്ത്യന്‍ പൗരന്മാര്‍ ഉപയോഗിച്ചത്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇറാനിലേക്കുള്ള യാത്രകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒഴിവാക്കണമെന്നും എംബസി അറിയിച്ചു.

സംഘര്‍ഷം നടക്കുന്ന മേഖലകള്‍ ഒഴിവാക്കി യാത്ര ചെയ്യണം, പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം, ഇന്ത്യന്‍ എംബസിയുമായി സ്ഥിരമായി ബന്ധം പുലര്‍ത്തണം, പ്രാദേശിക മാധ്യമങ്ങള്‍ വഴി സാഹചര്യങ്ങള്‍ നിരീക്ഷിക്കണം എന്നീ നിര്‍ദേശങ്ങളും എംബസി നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയും കുത്തനെ ഉയര്‍ന്ന വിലക്കയറ്റവും നേരിടുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ 28നാണ് ഇറാനില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.

തുടക്കത്തില്‍ സാമ്പത്തിക വിഷയങ്ങളിലൊതുങ്ങിയ പ്രക്ഷോഭം പിന്നീട് ഭരണകൂടവിരുദ്ധ സമരമായി മാറുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷം ഇറാന്‍ കണ്ട ഏറ്റവും വലിയ ആഭ്യന്തര കലാപമായി ഇത് മാറിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഇതിനകം മൂവായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വധശിക്ഷകള്‍ നടപ്പാക്കിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് നേരത്തെ ഇറാനെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനിലെ സ്ഥിതിഗതികള്‍ അന്താരാഷ്ട്ര സമൂഹം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.