Video Stories

യുഎഇയില്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് സേവനം; നിലവിലുള്ള ഏജന്‍സിയില്‍ ജൂണ്‍ 25 വ്യാഴാഴ്ച വരെ മാത്രം

By webdesk17

June 20, 2026

അബുദാബി: യുഎഇയില്‍ ഇന്ത്യന്‍ എംബസ്സി കോണ്‍സുലാര്‍ പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ള ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെയും അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായുള്ള എസ്ജിഐവിഎസ് ഗ്ലോബലിന്റെയും കാലാവധി അവസാനിക്കുന്നതിനാല്‍ 2026 ജൂണ്‍ 25 വ്യാഴാഴ്ച വരെ മാത്രമാണ് മേല്‍ ഏജന്‍സികളില്‍ സേവനം ഉണ്ടായിരിക്കുകയുള്ളുവെന്ന് ഇന്ത്യന്‍ എംബസ്സി അറിയിപ്പില്‍ വ്യക്തമാക്കി

യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായുള്ള (പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍) പുതിയ സേവന ദാതാവായ അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍ എല്‍എല്‍സി 2026 ജൂലൈ 1 മുതല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കും. 2026 ജൂണ്‍ 26 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍, കോണ്‍സുലാര്‍ സേവനത്തിനായി (പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍) പൊതുജനങ്ങള്‍ക്ക് പതിവ് അപ്പോയിന്റ്മെന്റുകള്‍ ലഭ്യമാകില്ല.

എന്നാല്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും അടിയന്തര കോണ്‍സുലാര്‍ സേവനങ്ങള്‍ (പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍) നേരിട്ട് നല്‍കും. അടിയന്തര സാഹചര്യങ്ങളില്‍ അപേക്ഷകര്‍ക്ക് അബുദാബിയിലെ ഇന്ത്യന്‍ എംബസിയുമായും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായും ബന്ധപ്പെടാവുന്നതാണ്.

ടോള്‍ ഫ്രീ നമ്പര്‍- 800 46342 വാട്ട്സ്ആപ്പ്- +971 54 309 0571 ഇമെയില്‍- pbsk.dubai@mea.gov.in

ജൂലൈ 1 മുതല്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായുള്ള പുതിയ അപ്പോയിന്റ്‌മെന്റ് പോര്‍ട്ടല്‍ അല്‍ ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍ എല്‍എല്‍സി ഉടന്‍ തുറക്കും.

കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി എംബസിയുടെയും കോണ്‍സുലേറ്റ് ജനറലിന്റെയും ഔദ്യോഗിക ആശയവിനിമയം മാത്രം ആശ്രയിക്കാനും നിരീക്ഷിക്കാനും എംബസ്സി അഭ്യര്‍ത്ഥിച്ചു