News

കാനഡയില്‍ ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; അക്രമികളെ കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു

By webdesk17

December 26, 2025

ടൊറന്‌റോ: കാനഡയില്‍ ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ടൊറന്‌റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഹൈലാന്‍ഡ് ക്രീക്ക് ട്രയല്‍ പ്രദേശത്താണ് 20 വയസ്സുള്ള ഗവേഷണ വിദ്യാര്‍ത്ഥി ശിവങ്ക് അവസ്തിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ തന്നെ ശിവങ്ക് മരിച്ചതായി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.34 ഓടെയാണ് ശിവങ്കിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം പൊലീസ് അഭ്യര്‍ത്ഥിച്ചതായും അധികൃതര്‍ അറിയിച്ചു.

വിവരങ്ങള്‍ ലഭിക്കുന്നവര്‍ പൊലീസുമായോ ക്രൈം സ്‌റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥനയുണ്ട്. സംഭവത്തില്‍ ടൊറന്‌റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ദുഃഖം രേഖപ്പെടുത്തി. ശിവങ്കിന്റെ കുടുംബവുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും, പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിവരികയാണെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടൊറന്‌റോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനാണ് ശിവങ്ക്. ദിവസങ്ങള്‍ക്ക് മുന്‍പ് ഹിമാന്‍ഷി ഖുറാന (30) എന്ന ഇന്ത്യന്‍ യുവതിയെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാണാതായെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ഹിമാന്‍ഷിയുടെ സുഹൃത്ത് അബ്ദുല്‍ ഗഫൂറി (32)ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ കുറ്റത്തിന് പൊലീസ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.കാനഡയില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവങ്ങള്‍.