മുംബൈ: രൂപയുടെ മൂല്യത്തകര്‍ച്ചക്കു പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടം. ഇന്നു വ്യാപാരം ആരംഭിച്ച ഉടന്‍ ആയിരം പോയിന്റോാളം ഇടിവാണ് ഓഹരി വിപണിയിലുണ്ടായത്. വ്യാപാരം തുടങ്ങി ആദ്യത്തെ അഞ്ച് മിനിറ്റില്‍ നിക്ഷേപകര്‍ക്ക് നാല് ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായി.
സെന്‍സെക്‌സ് 1029 പോയിന്റ് ഇടിഞ്ഞ് 33,732 ആയപ്പോള്‍, നിഫ്റ്റി 307 പോയിന്റ് ഇടിഞ്ഞ് 10154 എന്ന നിലയിലെത്തി.

പ്രമുഖ കമ്പനികളുടെയെല്ലാം ഓഹരി വില കുത്തനെ ഇടിഞ്ഞു. ഓട്ടോമൊബൈല്‍, ഐടി, ഫാര്‍മ കമ്പനികള്‍ക്കെല്ലാം കനത്ത തിരിച്ചടിയാണ് ഉണ്ടായത്. മുന്‍നിര കമ്പനികള്‍ക്കെല്ലാം കൂടി 137 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഓഹരി വിപണിയില്‍ ഉണ്ടായതെന്നാണ് കണക്ക്. ആഗോളവിപണിയില്‍ പൊതുവിലുള്ള തകര്‍ച്ചയുടെ ഭാഗമായാണ് ഇന്ത്യന്‍ വിപണിയിലും സംഭവിച്ചിരിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയും ട്രംപിന്റെ സാമ്പത്തികനയങ്ങളെ തുടര്‍ന്ന് ആഗോളരംഗത്തുണ്ടായ വ്യാപാരയുദ്ധവുമാണ് ഇന്ത്യന്‍ വിപണിയുടെ വന്‍ തകര്‍ച്ചക്ക് കാരണമായി വിലയിരുത്തുന്നത്.

ആഗോളതലത്തിലെ പ്രമുഖ ഓഹരി വിപണികളിലെല്ലാം തകര്‍ച്ച പ്രകടമാണ്. ജപ്പാന്‍, കൊറിയ, തായ്വാന്‍, ചൈന തുടങ്ങിയ ഏഷ്യന്‍ വിപണികളിലും വമ്പന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച മാത്രം രണ്ടായിരം പോയിന്റാണ് സെന്‍സെക്‌സ്് ഇടിഞ്ഞത്. ഇതേ പ്രവണതയാണ് ഇപ്പോഴും തുടരുന്നത്. അതേസമയം ആരംഭത്തിലെ തകര്‍ച്ചക്കു ശേഷം സെന്‍സെക്‌സ് 800 പോയിന്റോളം തിരിച്ചു വന്നത് നിക്ഷേപകര്‍ക്ക് അല്‍പം പ്രതീക്ഷ നല്‍കുന്നു.