ന്യൂയോര്‍ക്ക്: ലുഫ്താന്‍സ എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ സഹയാത്രികരെ മെറ്റല്‍ ഫോര്‍ക്ക് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിയെ യുഎസില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായത് ഹൈദരാബാദ് സ്വദേശിയായ പ്രണീത് കുമാര്‍ ഉസിരിപ്പള്ളി (28) ആണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
ഷിക്കാഗോയില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള എല്‍എച്ച് 431 വിമാനത്തിലായിരുന്നു സംഭവം. ഒക്ടോബര്‍ 25-നാണ് വിമാനത്തിനുള്ളില്‍ ഈ ആക്രമണം അരങ്ങേറിയത്.
ഭക്ഷണവിതരണത്തിന് ശേഷം ഉറങ്ങിക്കിടന്നിരുന്ന 17 വയസ്സുള്ള കൗമാരക്കാരനെ പ്രതി പെട്ടെന്ന് ആക്രമിച്ച് തോളെല്ലിന്റെ ഭാഗത്ത് ഫോര്‍ക്കുകൊണ്ട് കുത്തുകയായിരുന്നു. പിന്നാലെ സമീപത്തിരുന്ന മറ്റൊരു 17 വയസ്സുകാരനെയും തലയുടെ പിന്‍ഭാഗത്ത് കുത്തി പരിക്കേല്‍പ്പിച്ചു.
സംഭവത്തെ തുടര്‍ന്ന് വിമാനത്തെ ബോസ്റ്റണില്‍ അടിയന്തരമായി ഇറക്കുകയും, എഫ്ബിഐയും മാസച്യുസെറ്റ്‌സ് സ്റ്റേറ്റ് പൊലീസും ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
യുഎസ് ജില്ലാ കോടതിയില്‍ ‘മാരകായുധം ഉപയോഗിച്ച് ശാരീരിക ഉപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമം’ ഉള്‍പ്പെടെയുള്ള ഫെഡറല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഈ കുറ്റത്തിന് പരമാവധി 10 വര്‍ഷം തടവോ 2.5 ലക്ഷം ഡോളര്‍ (ഏകദേശം 2.1 കോടി) വരെ പിഴയോ ലഭിക്കാം.
സംഭവവുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടികള്‍ ബോസ്റ്റണ്‍ കോടതിയില്‍ തുടരുമെന്ന് എഫ്ബിഐ അറിയിച്ചു.