ട്വന്റി20 ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിലേക്ക് ഒരുക്കം തുടങ്ങാന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ശ്രീലങ്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാകും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്തിലും ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലുമാണ് നടക്കുക.
ചരിത്രത്തിലാദ്യമായി ഇന്ത്യയെ ഏകദിന ലോകകപ്പ് ജേതാക്കളാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ടീമിനെ നയിച്ച് പരമ്പരയ്ക്കിറങ്ങുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ പരമ്പര.
ടീമില്‍ തമിഴ്‌നാട് സ്വദേശിയായ 17 കാരി ബാറ്റര്‍ ജി. കമാലിനിയും ഇടംകൈ സ്പിന്നര്‍ വൈഷ്ണവി ശര്‍മയും പുതുമുഖങ്ങളായി ഇടം നേടി. ഏകദിന ലോകകപ്പില്‍ തിളങ്ങിയ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, സ്പിന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ തുടങ്ങിയ പ്രമുഖരും ഇന്നത്തെ ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങും.
ഡിസംബര്‍ 23നാണ് രണ്ടാം മത്സരം. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ 26, 28, 30 തീയതികളിലായിരിക്കും.