ന്യൂഡല്‍ഹി: പ്രമുഖ ഹൃദ്രോഗ വിദഗ്ധ ഡോ.എസ്.പദ്മാവതി (103) കോവിഡ് ബാധിച്ച് മരിച്ചു. നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എന്‍.എച്ച്.ഐ) വെച്ചായിരുന്നു അന്ത്യം. 11 ദിവസത്തോളം അവര്‍ ചികിത്സയിലായിരുന്നുവെന്ന് എന്‍.എച്ച്.ഐ ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്ത്യയിലെ ആദ്യത്തെ വനിത കാര്‍ഡിയോളജിസ്റ്റായ ഡോ.എസ്.പദ്മാവതി ‘ഗോഡ് മദര്‍ ഓഫ് കാര്‍ഡിയോളജി’ എന്നാണ് അറിയപ്പെടുന്നത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 29-നാണ് അവര്‍ മരിച്ചതെന്ന് എന്‍.എച്ച്.ഐ അറിയിച്ചു.

എന്‍.എച്ച്.ഐ സ്ഥാപകയായിട്ടുള്ള ഡോ.പദ്മാവതി 1917-ല്‍ ബര്‍മ (ഇപ്പോള്‍ മ്യാന്‍മര്‍) യിലാണ് ജനിച്ചത്.

കോവിഡ് ബാധിച്ച അവര്‍ക്ക് ശ്വസന പ്രശ്നങ്ങളും കടുത്ത പനിയും ഉണ്ടായിരുന്നു. ന്യുമോണിയയും ബാധിച്ചു.

രണ്ടാം ലോകമഹായുദ്ധ സമയത്ത് 1942 ലാണ് പദ്മാവതി ഇന്ത്യയിലേക്ക് കുടിയേറിയത്. റങ്കൂണ്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം ഉന്നത വിദ്യാഭ്യാസം വിദേശത്ത് പൂര്‍ത്തിയാക്കി.

ഇന്ത്യയിലെ കാര്‍ഡിയോളജി രംഗത്തിന് നല്‍കിയ സംഭാവനകള്‍ക്കും നേട്ടങ്ങള്‍ക്കും അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ആന്റ് എഫ്.എ.എം.എ.സിന്റെ ഫെലോഷിപ്പ് അവര്‍ക്ക് ലഭിച്ചു.

1967-ല്‍ പത്മഭൂഷണ്‍, 1992-ല്‍ പദ്മവിഭൂഷന്‍ ബഹുമതി നല്‍കി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.