പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യ അപലപിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി. ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ലെന്നും പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണമെന്നും ‘ഇന്ത്യന്‍ എക്സ്പ്രസി’ലെ ലേഖനത്തില്‍ സോണിയ പറഞ്ഞു.
ഇന്ത്യയുടെ വിദേശനയത്തിന്റെ ദിശയെ കുറിച്ചും വിശ്വാസ്യതയെ കുറിച്ചും സോണിയ സംശയങ്ങള്‍ ഉയര്‍ത്തി. ബജറ്റ് സെഷനിലെ രണ്ടാംഘട്ട ചര്‍ച്ചക്കായി പാര്‍ലമെന്റ് ചേരുമ്പോള്‍ ഇന്ത്യയുടെ ‘അസ്വസ്ഥപ്പെടുത്തുന്ന നിശബ്ദത’ ചര്‍ച്ച ചെയ്യണമെന്ന് സോണിയ ആവശ്യപ്പെട്ടു. ‘പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഇസ്രായേല്‍-യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മാര്‍ച്ച് ഒന്നിന് ഇറാന്‍ സ്ഥിരീകരിച്ചു.
ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ അധികാരത്തിലുള്ള ഒരു രാഷ്ട്രത്തലവനെ കൊലപ്പെടുത്തിയത് അന്താരാഷ്ട്ര ബന്ധങ്ങളില്‍ വലിയൊരു വിള്ളല്‍ വീഴ്ത്തുന്നു. അതിന്റെ ഞെട്ടലിനപ്പുറം നില്‍ക്കുകയാണ് ഇന്ത്യയുടെ നിശബ്ദത. തുടക്കത്തില്‍, യുഎസ്-ഇസ്രായേല്‍ ആക്രമണത്തെ അവഗണിച്ച പ്രധാനമന്ത്രി, യുഎഇയിലെ ഇറാന്റെ പ്രതികാര ആക്രമണത്തെ അപലപിക്കുന്നതിലേക്ക് ഒതുങ്ങി’ – എന്ന് സോണിയ ഗാന്ധി ലേഖനത്തില്‍ പറഞ്ഞു.