ഇടുക്കി: പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയെ തുടര്‍ന്ന് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. തൊടുപുഴ മുതലക്കോടം സ്വദേശിയായ ജെയിസ് ബെന്നി (27)യാണ് കലുങ്ക് നിര്‍മ്മാണത്തിനായി എടുത്ത കുഴിയില്‍ വീണ് മരിച്ചത്.
ഇന്നലെ രാത്രി 10:45ഓടെ തൊടുപുഴയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മുതലക്കോടം മാവിന്‍ചുവട്ടിലാണ് അപകടം സംഭവിച്ചത്. വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം മാസങ്ങള്‍ക്ക് മുമ്പ് കലുങ്ക് നിര്‍മ്മാണത്തിനായി എടുത്ത് അപകടാവസ്ഥയില്‍ തുറന്നുകിടന്ന കുഴിയിലേക്കാണ് പതിച്ചത്. ഗുരുതരമായി പരിക്കേറ്റ ജെയിസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാസങ്ങളായി കുഴി മൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് പ്രതിഷേധം ശക്തമായി. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് അപകടകാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ തൊടുപുഴ പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു. മറ്റന്നാള്‍ വിദേശത്തേക്ക് പോകാനിരിക്കെയാണ് ജെയിസ് ബെന്നി അപകടത്തില്‍ മരിച്ചത്.