ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര വ്യോമയാന വിപണിയുടെ 91 ശതമാനവും കീഴടക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും. ഇന്‍ഡിഗോ 64 ശതമാനവും ബാക്കിയുള്ള 27 ശതമാനം എയര്‍ ഇന്ത്യ ഗ്രൂപ്പും സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാഗരിക ഘോഷ് ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയില്‍ സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ കണക്കുകള്‍ പ്രസ്താവിച്ചത്. ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖല ഫലത്തില്‍ രണ്ട് കമ്പനികളുടെ നിയന്ത്രണത്തിലായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നല്‍കുന്ന 2025-26 കാലയളവിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റു വിമാനക്കമ്പനികള്‍ ബഹുദൂരം പിന്നിലാണ്. ആകാശ എയര്‍ 4.8 ശതമാനം, സ്‌പൈസ് ജെറ്റ് 3.9 ശതമാനം എന്നിങ്ങനെയാണ് വിപണി വിഹിതം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അലയന്‍സ് എയറിന് കേവലം 0.4 ശതമാനം മാത്രമാണ് പങ്കാളിത്തം. പ്രാദേശിക വിമാനക്കമ്പനികളായ ഫ്‌ലൈ91, ഇന്ത്യവണ്‍ എയര്‍, സ്റ്റാര്‍ എയര്‍ എന്നിവക്ക് യഥാക്രമം 0.2 ശതമാനം, 0.01 ശതമാനം, 0.6 ശതമാനം എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം.
അതേസമയം, ഇന്‍ഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ 2023ല്‍ 36 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളു പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തി. വന്‍കിട കമ്പനികള്‍ വിപണി കുത്തകയാക്കി മാറ്റുന്നതും സേവനങ്ങളില്‍ വീഴ്ച വരുത്തുന്നതും യാത്രക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.