india

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

By webdesk17

April 21, 2025

പ്രവാസികള്‍ക്ക് ഇടക്കാല ആശ്വാസം. കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കേരളത്തിലേക്കുള്ള മറ്റ് വിമാന കമ്പനികളുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ച സാഹചര്യത്തിലാണ്് ഇന്‍ഡിഗോയുടെ പുതിയ സര്‍വീസുകള്‍.

ജൂണ്‍ 15ന് ആരംഭിച്ച സര്‍വീസ് സെപ്തംബര്‍ 20 വരെ ദിവസവും രാത്രി 10.20ന് ബഹ്‌റൈന്‍ -കൊച്ചി റൂട്ടിലും വൈകിട്ട് 7.30ന് കൊച്ചി – ബഹ്‌റൈന്‍ റൂട്ടിലും ഒരോ സര്‍വീസ് വീതമുണ്ടാകും. ജൂലൈ-ആഗസ്റ്റ് മാസത്തിലെ സ്‌കൂള്‍ അവധി കാലയളവിലെയും ബലി പെരുന്നാള്‍ സീസണിലെയും യാത്രക്ക് ഈ സര്‍വീസ് ഏറെ ആശ്വാസമാകും.

നേരത്തെ, കോഴിക്കേട്ടേക്കുള്ള ഗള്‍ഫ് എയര്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. കൊച്ചിയിലേക്ക് നാലു ദിവസം ഉണ്ടായിരുന്ന സര്‍വിസ് ഏപ്രില്‍ ആറ് മുതല്‍ പ്രതിവാരം നാല് ദിവസമാക്കിയും കുറച്ചു. ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഗള്‍ഫ് എയര്‍ കൊച്ചിയിലേക്ക് സര്‍വീസുള്ളത്. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് വരെ കൊച്ചിയിലേക്കും തിരിച്ച് ബഹ്‌റൈനിലേക്കുമുള്ള ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ സര്‍വീസുകള്‍ എയര്‍ ഇന്ത്യയും വെട്ടിക്കുറച്ചിരുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സമ്മര്‍ സര്‍വീസുകള്‍ നിലവില്‍ കോഴിക്കോടിനെ ബാധിക്കില്ലെങ്കിലും ഗള്‍ഫ് എയര്‍ നിര്‍ത്തിയത് മലബാറിന് വലിയ തിരിച്ചടിയാണ്. ഏറ്റവും കൂടുതല്‍ പേര്‍ വന്നിറങ്ങുന്ന കരിപ്പൂര്‍ എയര്‍പോട്ടിലെ ദുരവസ്ഥ പ്രവാസികളെ ഏറെ വലക്കുന്നുണ്ട്. എയര്‍ ഇന്ത്യയെ മാത്രം ആശ്രയിക്കുന്ന മലബാറിലെ പ്രവാസികള്‍ ഇനി ആവശ്യമെങ്കില്‍ കൊച്ചിയിലേക്ക് ടിക്കെറ്റെടുക്കേണ്ടി വരും. തിരുവനന്തരപുരത്തേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് എയര്‍ ഇന്ത്യക്കുള്ളത്.