india

ഇന്‍ഡിഗോ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു; ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് രൂപീകരിച്ചു

By webdesk18

December 07, 2025

ന്യൂഡല്‍ഹി: തുടര്‍ച്ചയായ സര്‍വീസ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അടിയന്തര ഇടപെടലുകളുമായി മുന്നോട്ട്. ചെയര്‍മാന്‍ വിക്രം സിംഗ് മേത്തയും സിഇഒയും ഉള്‍പ്പെടുന്ന ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി സംഘം പതിവായി യോഗം ചേരുമെന്ന് കമ്പനി അറിയിച്ചു.

ഏഴാം ദിവസവും പ്രതിസന്ധി മാറാതെ ഇന്‍ഡിഗോയുടെ നിരവധി സര്‍വീസുകള്‍ ഇന്ന് വിവിധ നഗരങ്ങളിലേക്കും റദ്ദാകാനിടയുണ്ട്.

ഡിജിസിഎയുടെ വിലയിരുത്തലില്‍ സര്‍വീസുകള്‍ മുടങ്ങിയതില്‍ ഇന്‍ഡിഗോയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പൈലറ്റുമാരുടെ വിശ്രമസമയവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങള്‍ ശരിയായി കൈകാര്യം ചെയ്യാത്തതിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിലും വീഴ്ച ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിന് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നും നിര്‍ദേശം.

കൂടാതെ, എല്ലാ യാത്രക്കാര്‍ക്കും ഇന്ന് രാത്രി 8 മണിക്ക് മുമ്പായി റീഫണ്ട് നല്‍കണമെന്ന കര്‍ശന ഉത്തരവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു.

സര്‍വീസുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ 10 ദിവസം കൂടി ആവശ്യമാണ് എന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി വീഴ്ച വേണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കുന്നതും കമ്പനിക്ക് കനത്ത പിഴ ചുമത്തുന്നതും പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്‍ഡിഗോ പ്രതിസന്ധിയെ തുടര്‍ന്ന് മറ്റ് വിമാനക്കമ്പനികള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതോടെ യാത്രാദൂരത്തിനനുസരിച്ച് നിരക്കിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം ഇടപെട്ടിട്ടുണ്ട്.

ഇന്‍ഡിഗോ പ്രതിസന്ധി തുടര്‍ന്നുകൊണ്ടിരിക്കെ, സര്‍ക്കാര്‍നിയന്ത്രണ ഏജന്‍സികളുടെ നടപടികള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.