വാരണാസി: 216 യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ആകാശത്ത് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
ഗോരഖ്പൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോയുടെ 6E 437 നമ്പര്‍ വിമാനത്തിന്റെ മുന്‍ഭാഗത്തിനാണ് പക്ഷി ഇടിച്ചത്. ഇതിനെ തുടര്‍ന്ന് വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. സാഹചര്യം വിലയിരുത്തിയ പൈലറ്റ് ഉടന്‍ വാരണാസി എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയും സുരക്ഷാപരമായ മുന്‍കരുതലുകളുടെ ഭാഗമായി വിമാനം വാരണാസിയില്‍ ലാന്‍ഡ് ചെയ്യുകയുമായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 216 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായി വിമാനത്താവള ഡയറക്ടര്‍ പുനീത് ഗുപ്ത വ്യക്തമാക്കി. എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച ചില യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചതായും ശേഷിക്കുന്നവരെ മറ്റ് വിമാനങ്ങളില്‍ യാത്രചെയ്യാനുള്ള ക്രമീകരണങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.