News

കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായി; ഒരു മണിക്കൂറിനുള്ളില്‍ പ്രസവിച്ചു-വിചിത്രവാദവുമായി യുവതി

By ചന്ദ്രിക വെബ് ഡെസ്‌ക്‌

February 18, 2021

ജക്കാര്‍ത്ത: കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായി. ഒരുമണിക്കൂറിനുള്ളില്‍ പ്രസവിച്ചുവെന്ന വിചിത്ര വാദവുമായി യുവതി.. ഇന്തൊനീഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ‘താന്‍ വീട്ടിലെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകള്‍ക്ക് ശേഷം വയറില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടന്‍ തന്ന അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു’ – ഇതാണ് യുവതിയുടെ വാദം.

എന്തായാലും ഈ വിചിത്രപ്രസവത്തിന്റെ വാര്‍ത്ത വളരെ വേഗം പുറത്ത് പ്രചരിച്ചു. സോഷ്യല്‍ മീഡിയയിലും വൈറലായി. ഇതോടെ സിതിയുടെ വീട്ടിലേക്ക് നാട്ടുകാര്‍ എത്തിച്ചേരാന്‍ തുടങ്ങി. വാര്‍ത്ത പ്രചരിച്ചതോടെ ആരോഗ്യപ്രവര്‍ത്തകരും സിതിയെ സന്ദര്‍ശിച്ചു. അവരോടും സിതി ഇതേ വാദം തന്നെ ആവര്‍ത്തിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും എന്നാല്‍ സിതി പറയുന്ന വാദം തള്ളിക്കളയുന്നുവെന്നുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

പ്രസവിക്കാനായി പോകുന്നത് വരെ സ്ത്രീകള്‍ താന്‍ ഗര്‍ഭിണിയാണെന്ന് തിരച്ചറിയാത്ത ക്രിപ്റ്റിക് പ്രഗ്‌നന്‍സിയാണ് സിതിയുടേത് എന്നാണ് കമ്യൂണിറ്റി ക്ലിനിക് തലവന്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.