News

തിരുവല്ലയില്‍ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; ആരോഗ്യനില തൃപ്തികരം

By webdesk18

January 25, 2026

പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല കുറ്റൂര്‍ റെയില്‍വേ ക്രോസിന് സമീപം ഒരു വീടിനോട് ചേര്‍ന്നുള്ള ചായക്കടയ്ക്കുള്ളിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

രാവിലെ ചായക്കട തുറക്കാനെത്തിയ കടയുടമ ജയരാജനാണ് ആദ്യം കുഞ്ഞിനെ ശ്രദ്ധിച്ചത്. കടയ്ക്കുള്ളില്‍ തണുപ്പേറ്റ് വിറച്ച നിലയിലായിരുന്നു കുഞ്ഞ്. ഉടന്‍തന്നെ സമീപവാസികളെ വിവരം അറിയിച്ച ജയരാജന്‍, പൊലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് തിരുവല്ല പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പുലര്‍ച്ചെ കടയില്‍ ലൈറ്റ് തെളിയിച്ചപ്പോഴാണ് കുഞ്ഞിന്റെ കരച്ചില്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും, ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും ജയരാജന്റെ ഭാര്യ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനിടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇന്ന് പുലര്‍ച്ചെ ബൈക്കുകള്‍ വന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്. ബൈക്കിലെത്തിയവരാണോ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.