നടന്‍ ശ്രീനാഥിന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകളേറുന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നു. മരണ സമയത്ത് വിലപിടിപ്പുള്ളതൊന്നും ശ്രീനാഥിന്റെ കൈവശമുണ്ടായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താമസിച്ചിരുന്ന ഹോട്ടലില്‍ ശ്രീനാഥ് പ്രശ്‌നങ്ങളുണ്ടാക്കിയെന്ന മൊഴിയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ശ്രീനാഥിന്റെ പേഴ്‌സോ ഫോണോ എവിടെയാണെന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഏഴുവര്‍ഷം മുമ്പാണ് ശ്രീനാഥ് മരിക്കുന്നത്. പുറത്തുവന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ശ്രീനാഥിന്റെ പേഴ്‌സിനെക്കുറിച്ചോ ഫോണിനെക്കുറിച്ചോ വിവരങ്ങളില്ല. മുറിയില്‍ നിന്നും വിലപിടിപ്പുള്ളതൊന്നും ലഭിച്ചിട്ടുമില്ലെന്നും പറയുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന മൂര്‍ച്ചയുള്ള ബ്ലേഡ് മാത്രമാണ് കിട്ടിയതെന്ന് പ്രോപ്പര്‍ട്ടി ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നതാണ് റിപ്പോര്‍ട്ട്. ശ്രീനാഥ് ഹോട്ടലില്‍ ആരുമായാണ് വഴക്കുണ്ടാക്കിയത്, എന്തായിരുന്നു പ്രശ്‌നം, അതുകൊണ്ടാണോ സിനിമയില്‍ നിന്ന് നീക്കിയത്, പേഴ്‌സും ഫോണും എവിടെപ്പോയി തുടങ്ങിയ ചോദ്യങ്ങള്‍ മരണത്തിലെ ദുരൂഹതയേറ്റുന്നു.

2010-ല്‍ മെയ് 18നും 19നും ശ്രീനാഥിന്റെ ഷൂട്ടുണ്ടായിരുന്നുവെന്ന് അണിയറ പ്രവര്‍ത്തകന്‍ വിനോദ്കുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഹോട്ടലില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ശ്രീനാഥ് ഉണ്ടാക്കിയതായി അറിഞ്ഞിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിലുള്ള വിഷമംമൂലം ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് വിനോദ്കുമാറിന്റെ മൊഴിയിലുള്ളത്.

ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭാര്യയും സഹോദരനുമാണ് രംഗത്തുവന്നത്. ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസ്ഫയല്‍ കാണാതായതും ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണം നടക്കുന്നത്.