kerala

നവീന്‍ ബാബുവിനെതിരെയുള്ള അധിക്ഷേപം ആസൂത്രിതം’; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

By webdesk17

March 29, 2025

മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റ മരണത്തില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പ്രതി പി പി ദിവ്യ മാത്രമെന്നും, മരണ കാരണം യാത്രയയപ്പ് യോഗത്തില്‍ പിപി ദിവ്യ നടത്തിയ അധിക്ഷേപം എന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിച്ചതും പിപി ദിവ്യ തന്നെയെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുക.

യാത്രയയപ്പ് യോഗത്തെ കുറിച്ച് അറിയാന്‍ പി പി ദിവ്യകളക്ടറുടെ പി എ യെ പലതവണ ഫോണില്‍ വിളിച്ചതായും പറയുന്നു. പി പി ദിവ്യ ക്ഷണിക്കാത്ത ചടങ്ങിന് കൃത്യമായ ലക്ഷ്യത്തോടെ എത്തുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രത്തിനൊപ്പം 85 സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ട്.

പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നായിരുന്നു പി പി ദിവ്യ ഉന്നയിച്ച ആരോപണം. അതേസമയം കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

നവീന്‍ ബാബുവിനെ അപമാനിക്കാന്‍ പി പി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായും യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.