kerala

ജീവഹാനി വരുത്താന്‍ ലക്ഷ്യം; പാളത്തിനുകുറുകേ ടെലിഫോണ്‍ പോസ്റ്റിട്ടത് അട്ടിമറി ശ്രമമെന്ന് എഫ്ഐആര്‍

By webdesk17

February 23, 2025

കൊല്ലം ചെങ്കോട്ട തീവണ്ടിപ്പാതയില്‍ പാളത്തിനുകുറുകേ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് പൊലീസ് എഫ്ഐആര്‍. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവര്‍ ജീവഹാനി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റിട്ടതെന്ന് എഫ്ഐആറില്‍ പറയുന്നു.

ഇളമ്പള്ളൂര്‍ രാജേഷ് ഭവനില്‍ രാജേഷ് (39), പെരുമ്പുഴ പാലപൊയ്ക ചൈതന്യയില്‍ അരുണ്‍ (33) എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് പാളത്തില്‍ ആദ്യം പോസ്റ്റ് കണ്ടത്. സംഭവമറിഞ്ഞ് പൊലീസെത്തി നീക്കം ചയ്തിരുന്നു. രണ്ടുമണിക്കൂറിനുശേഷം വീണ്ടും പാളത്തില്‍ അതേയിടത്തു തന്നെ പോസ്റ്റ് കണ്ടെത്തുകയായിരുന്നു. പാലരുവി എക്സ്പ്രസ് പോകുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ടെലിഫോണ്‍ പോസ്റ്റിനൊപ്പമുള്ള കാസ്റ്റ് അയണ്‍ വേര്‍പെടുത്തി ആക്രിയായി വില്‍ക്കുന്നതിനുവേണ്ടിയാണ് പോസ്റ്റ് കുറുകേവെച്ചതെന്നാണ് പ്രതികള്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ സംഭവം അട്ടിമറി ശ്രമമാണ് എന്ന നിലയിലേക്ക് തന്നെ പൊലീസ് എത്തിച്ചേരുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍പ്പേര്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരുകയാണ്.