പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികള്‍ക്കിതിരെ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നു തുടങ്ങി. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്കു പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ മോദിയുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള ശബ്ദങ്ങളുയര്‍ന്നത്.
ലക്ഷ്യം മറന്നുള്ള പ്രവര്‍ത്തനമാണ് ബിജെപിക്ക് മധ്യപ്രദേശില്‍ തിരിച്ചടിയായതെന്ന് ബിജെപി എം പി സഞ്ജയ് കാകഡെ പറഞ്ഞു.

ജനങ്ങള്‍ക്ക് രാമക്ഷേത്രവും പ്രതിമകളും പേരുമാറ്റവും മാത്രം പോര എന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ശ്രദ്ധ ഇക്കാര്യത്തില്‍ മാത്രമായിരുന്നെന്നും സഞ്ജയ് കാകഡെ ആരോപിക്കുന്നു. വികസന വാഗ്ദാനം നല്‍കി അധികാരത്തിലേറിയ ശേഷം അത് മറന്നതിനുള്ള തിരിച്ചടിയാണ് ഈ പരാജയമെന്നും എം പി വ്യക്തമാക്കുന്നു.

അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേട്ടം കൊയ്യുന്നതിനിടെയാണ് പാര്‍ട്ടി എംപിയുടെ പരാമര്‍ശം. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് സഞ്ജയ് കാകഡെ. ഇതോടെ വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കും നേതൃത്വത്തിനുമെതിരായ കൂടുതല്‍ പേര്‍ രംഗത്തു വരാനുള്ള സാധ്യത തെളിയുകയാണ്.