ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഈ നിയമിതനായതിന് പിന്നാലെ, ഇറാനെതിരെയുള്ള വിദേശ ഇടപെടലുകളെയും ഭീഷണികളെയും ശക്തമായി എതിര്‍ത്ത് ചൈന. ഇറാന്റെ പരമാധികാരവും സുരക്ഷയും പ്രാദേശിക സമഗ്രതയും എല്ലാ രാജ്യങ്ങളും മാനിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ വ്യക്തമാക്കി.
മുജ്തബ ഖാംനഈയുടെ സ്ഥാനാരോഹണം ഇറാന്റെ ആഭ്യന്തര വിഷയമാണെന്നും അത് അവരുടെ ഭരണഘടനാപരമായ പ്രക്രിയയിലൂടെയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മുജ്തബ ഖാംനഈയെ ലക്ഷ്യം വെച്ചുള്ള ഏതൊരു നീക്കത്തെയും ചൈന എതിര്‍ക്കുമെന്ന് വക്താവ് വ്യക്തമാക്കി.
പുതിയ നേതാവിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം അധികകാലം വാഴില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്റെ പുതിയ നേതാക്കളെ ലക്ഷ്യം വെക്കുമെന്ന് ഇസ്രാഈലും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചൈനയ്ക്ക് പുറമെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും മുജ്തബ ഖാംനഈക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.