editorial

ആഘോഷങ്ങളോടും അസഹിഷ്ണുത

By webdesk18

December 25, 2025

സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശവുമായി ലോകം ക്രിസ്മസ് ആചരിക്കുമ്പോള്‍ ഇന്ത്യയിലെ ക്രൈസ്തവ സമൂഹം ആശങ്കയുടെ മുള്‍മുനയിലൂടെയാണ് കടന്നുപോകുന്നത്. ദേശങ്ങളുടെ അതിര്‍വരമ്പുകള്‍ അപ്രസക്തമാക്കി രാജ്യത്താകമാനം സംഘപരിവാര്‍ ശക്തികള്‍ ആഘോഷങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുമ്പോള്‍ ഭരണകൂടങ്ങളും അതില്‍ ഭാഗവാക്കാകുന്നു എന്നതാണ് ഏറ്റവും ഗൗരവതരം. വിവിധ ആഘോഷങ്ങള്‍ക്കുനേരെയുള്ള സംഘപരിവാറിന്റെ അസ്ഹിഷ്ണുതക്കും ആക്രമണങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇതുപോലെയുള്ള വ്യാപകമായ അഴിഞ്ഞാട്ടങ്ങള്‍ ഇതാദ്യമാണ്. ക്രിസ്സിന്റെ ആരവങ്ങള്‍ പകര്‍ന്നു നല്‍കുന്ന കാരോള്‍ സംഘങ്ങള്‍ക്കുനേരെ മാത്രമല്ല, സ്‌കൂളുകളില്‍ നടക്കുന്ന ചടങ്ങുകള്‍ക്കു നേരെ പോലും വര്‍ഗീയ ശക്തികള്‍ പടവാളോങ്ങുകയാണ്.

ഇത്തരം പ്രാകൃതസമീപനങ്ങള്‍ക്ക് ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്ന നിര്‍ലോഭമായ സഹകരണങ്ങള്‍ക്കൂടിയാകുമ്പോള്‍ മതങ്ങളുടെ മാതാവും സംസ്‌കാരങ്ങളുടെ പ്രഭവ കേന്ദ്രവുമായ നമ്മുടെ രാജ്യം തിരുപ്പിറവിയുടെ ഈ അസുലഭ മുഹൂര്‍ത്തത്തില്‍ ലോകത്തിന് മുന്നില്‍ തലതാഴ്ത്തി നില്‍ക്കേണ്ട ഗതികേടിലാണ്. ക്രിസ്മസിന്റെ സന്ദേശവുമായെത്തുന്ന പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള രാജ്യത്തെ അധികാരവര്‍ഗവും, കേക്കുമായി അരമനകളും വിശ്വാസികളുടെ വീടുകളും കയറിയിറങ്ങുന്ന ബി.ജെ.പിയുമെല്ലാം തങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും ആത്മാര്‍ത്ഥതയുടെ അംശമെങ്കിലുമു ണ്ടെങ്കില്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും മാതൃകാപരമായ ശിക്ഷ നല്‍കാനുമാണ് തയാറാകേണ്ടത്.

അല്ലാതെയുള്ള വാചാടോപങ്ങളും മുതലക്കണ്ണീരുമെല്ലാം ഒരു സമുദായത്തോടുള്ള കൊടുംവഞ്ചനയായി മാത്രമേ കാണാന്‍ കഴിയൂ. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ രണ്ടിടങ്ങളിലാണ് സംഘ്പരിവാര്‍ ആക്രമണമുണ്ടായത്. ജബല്‍പൂരിലെ ഹവാബാഗ് വനിതാ കോളജിന് സമീപത്തെ പള്ളിയിലാണ് ആദ്യം ആക്രമണം നടന്നത്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജു ഭാര്‍ഗവയ്‌ക്കൊപ്പം തീവ്ര വലത് സംഘടനകളില്‍പെട്ട ഒരു സംഘമാളുകള്‍ പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. അഞ്ജു ഭാര്‍ഗവയാണ് കാഴ്ചയില്ലാത്ത യുവതിക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്.

യുവതിയുടെ മുഖത്തും കൈയിലും കയറിപ്പിടിക്കുന്നതിന്റെയും ആക്രോശിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അന്ധയായി തുടരൂ എന്ന് ആക്രോശിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ മത പരിവര്‍ത്തന നിരോധന നിയമപ്രകാരം പള്ളി വികാരിക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. സിയോനി ജില്ലയിലെ ലഖ്നാഡണ്‍ പ്രദേശത്തും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെയും മത പരിവര്‍ത്തനം ആരോപിച്ച് ഒരു സംഘം ആളുകള്‍ പള്ളിയിലേക്ക് ഇരച്ചുകയറി പ്രാര്‍ത്ഥന തടസപ്പെടുത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.

ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും തുറന്നു പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ലാജ്പത് നഗറില്‍ മലയാളികളുള്‍പ്പെടെയുള്ള കരോള്‍ സംഘത്തെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആട്ടിയോടിക്കുകയായിരുന്നു. ഒഡീഷയിലാകട്ടേ ക്രിസമ്സ് അലങ്കാരങ്ങളും സാന്റോക്ലോസ് വേഷങ്ങളും വില്‍ക്കാനെത്തിയവരെ അടിച്ചോടിക്കുകയായിരുന്നു.ഉത്തരേന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ക്ക് പഞ്ഞമുണ്ടാകാറില്ലെങ്കിലും കേരളവും ഈ ഭീതിതവും ലജ്ജാകരവുമായ സാഹചര്യത്തിന് സാക്ഷ്യംവഹിക്കേണ്ടിവന്നുവെന്നത് അപമാനകരവും അതിലെറേ ഞെട്ടലുളവാക്കുന്നതുമാണ്.

പാലക്കാട് ജില്ലയിലെ പുതുശേരിയില്‍ കരോള്‍ നടത്തിയ കുട്ടികളെ അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുന്നത് ബി.ജെ.പി നേതാവ് സി.കൃഷ് ണകുമാറാണ്. മദ്യപിച്ചാണ് കരോള്‍ നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വിഷയത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ കൃഷ്ണകുമാര്‍ മലക്കം മറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്നായിരുന്നു വിശദീകരണം. കരോള്‍ സംഘത്തെ അക്രമിച്ചതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കരോള്‍ സംഘത്തെ തന്നെ അധിക്ഷേപിച്ച് കൃഷ്ണകുമാര്‍ രംഗത്തെത്തിയത്.

ചരിത്രപരമായ ഒരു വസ്തുതയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. ‘ഫാഷിസത്തിന് ബന്ധുക്കളില്ല, ശത്രുക്കളേയുള്ളൂ. ഊഴപ്പട്ടികയില്‍ ഒന്നാമത്തേതാണോ രണ്ടാമത്തേതാണോ നിങ്ങളുടെ സ്ഥാനം എന്നത് പ്രസക്തമേയല്ല’ എന്നതാണത്. നാനാത്വത്തില്‍ ഏകത്വമെന്ന മഹിതമായ ആശയമാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അന്തസത്ത. മതപരമായ ആഘോഷങ്ങള്‍ പോലും മാനവികതയുടെ മഹോത്സവങ്ങളായി മാറിയിട്ടുള്ള നമ്മുടെ മഹത്തായ സംസ്‌കാരത്തിന്റെ കടക്കലാണ് ഈ ഇരുട്ടിന്റെ ശക്തികള്‍ കത്തിവെച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ആക്രമണങ്ങളും അതിക്രമങ്ങളും ഏതെങ്കിലും മതങ്ങള്‍ക്കോ വിഭാഗങ്ങള്‍ക്കോ നേരെയല്ല, മറിച്ച് മനുഷ്യത്വത്തിന് നേരെയാണ് എന്ന് തിരിച്ചറിഞ്ഞ്, ജനാധിപത്യപരമായി പ്രതിരോധിക്കാ നുള്ള ശ്രമങ്ങളാണ് രാജ്യത്തെ സ്‌നേഹിക്കുന്ന മുഴുവനാളുകളുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടത്.