തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി യാത്ര ചെയ്തതിന് ജയില്‍ ഡി.ഐ.ജിക്കെതിരെ അന്വേഷണം. ജയില്‍വകുപ്പ് ദക്ഷിണമേഖല ഡി.ഐ.ജി ബി പ്രദീപിനെതിരെയാണ് അന്വേഷണത്തിന് നിര്‍ദേശം. പത്തനംതിട്ടയില്‍ ജയില്‍ വാര്‍ഷികാഘോഷത്തിനിടെയാണ് പ്രദീപ് സീരിയല്‍ നടിയുമായി യാത്ര ചെയ്തതെന്നാണ് ഉയരുന്ന ആക്ഷേപം.

സംഭവത്തില്‍ ജയില്‍ ആസ്ഥാനത്ത് പരാതി കിട്ടിയതിനെ തുടര്‍ന്ന് ജയില്‍ ഡി.ജി.പി ബി. ശ്രീലേഖ അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോര്‍ട്ട് നല്‍കാനായി ജയില്‍ ഐ.ജിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതിനും ജോലി സമയത്ത് നടിയുമായി യാത്ര ചെയ്തതിനും നടപടി വേണമെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പരാതി അവാസ്തവമാണെന്ന് ഡി.ഐ.ജി പ്രദീപ് പറഞ്ഞു. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.