kerala

ഒമ്പത് വയസുകാരിയുടെ കൈമുറിച്ച് മാറ്റിയ സംഭവത്തില്‍ ഡോക്ടര്‍മാരുടെ പിഴവ് പരാമര്‍ശിക്കാതെ അന്വേഷണ റിപ്പോര്‍ട്ട്

By webdesk18

October 05, 2025

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഒമ്പത് വയസുകാരിയുടെ കൈമുറിച്ച് മാറ്റിയ സംഭവത്തില്‍ ഡോക്ടര്‍മാരുടെ പിഴവ് പരാമര്‍ശിക്കാതെ അന്വേഷണ റിപ്പോര്‍ട്ട്. കുട്ടിയ്ക്ക് ജില്ലാ ആശുപത്രിയില്‍ നിന്ന് ശരിയായ ചികിത്സ നല്‍കി എന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ കുട്ടിയുടെ കൈയില്‍ എങ്ങനെ പഴുപ്പ് വന്നുവെന്നും കൈയിലെ രക്ത പ്രവാഹം എങ്ങനെ നിലച്ചുവെന്നും ഡിഎംഒ നിയോഗിച്ച സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

പാലക്കാട് മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്‌സ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സിജു കെ.എം , ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഓര്‍ത്തോപിഡിക്‌സ് ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ജോഹ്വാര്‍ കെ . ടി എന്നിവരാണ് അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറിയത്. ആഗസ്റ്റ് 24 ന് ജില്ലാ ആശുപത്രിയില്‍ എത്തിയ വിനോദിനി എന്ന കുട്ടിയുടെ വലതു കൈയുടെ രണ്ട് എല്ലുകള്‍ പൊട്ടിയിരുന്നെങ്കിലും രക്തയോട്ടത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല . ജുനിയര്‍ റെസിഡന്റ് ഡോ . മുസ്തഫയാണ് പ്ലാസ്റ്റര്‍ ഇട്ടത്.പിറ്റേ ദിവസം കുട്ടിയും രക്ഷിതാക്കളും ആശുപത്രിയില്‍ വന്നു. പ്രത്യേകിച്ച് പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ പ്ലാസ്റ്റര്‍ എടുക്കാന്‍ അഞ്ച് ദിവസം കഴിഞ്ഞ് വരാന്‍ നിര്‍ദ്ദേശിച്ചു. ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ . സര്‍ഫറാസിന്റെ ഒപിയിലാണ് കുട്ടി എത്തിയത്. 30ാം തിയതി അസിസ്റ്റന്റ് സര്‍ജന്‍ ഡോ . വൈശാഖിന്റെ ഒപിയില്‍ കുട്ടിയെത്തി കൈയില്‍ നീര് ഉണ്ടായിരുന്നു. കൈയിലേക്ക് രക്തഓട്ടം നിലച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വിനോദിനിക്ക് ജില്ലാ ആശുപത്രിയില്‍ നിന്നും ശാസ്ത്രീയ ചികിത്സ ലഭിച്ചതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ എങ്ങനെയാണ് കുട്ടിയുടെ കയ്യിലെ രക്തയോട്ടം നിലച്ചത് എന്നത് സംബന്ധിച്ച് ഒരുകാര്യവും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. അതേസമയം, സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരെ പിന്തുണച്ച് കെജിഎംഒഎ രംഗത്തെത്തി.കുട്ടിയ്ക്ക് പരമാവധി ചികിത്സ നല്‍കിയിരുന്നെന്നും കൈമുറിച്ചു മാറ്റേണ്ടി വന്നത് അപൂര്‍വമായി സംഭവിക്കുന്ന ചികിത്സ സങ്കീര്‍ണത മൂലമെന്നും കെജിഎംഒഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.